mammootty

പ്രായത്തിനൊപ്പം സൗന്ദര്യവും കൂടുന്ന പ്രതിഭാസമാണ് മെഗാ സ്റ്റാർ മമ്മൂട്ടി. കഴിഞ്ഞദിവസം പുറത്തുവന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം തന്നെ അതിന് തെളിവാണ്. 'ഒടുക്കത്തെ ഗ്ലാമർ ആണല്ലോ', ഇങ്ങനെ കേൾക്കുന്നതിനോട് ഇപ്പോൾ മമ്മൂക്കയ്ക്ക് തന്നെ ദേഷ്യമാണെന്നാണ് താരത്തോട് അടുപ്പമുള്ളവർ പറയുന്നത്. എന്നാൽ പ്രായം 68ൽ എത്തി നിൽക്കുമ്പോഴും എങ്ങനെയാണ് നാൽപ്പതിന്റെ പ്രസരിപ്പോടെ തന്റെ സൗന്ദര്യം നിലനിറുത്താൻ മമ്മൂട്ടിക്ക് കഴിയുന്നതെന്ന് ആരാധകർ ചോദിച്ചു തുടങ്ങിയിട്ട് കാലം കറേയായി.

ഭക്ഷണക്രമത്തിലുള്ള നിയന്ത്രണം തന്നെയാണ് മെഗാ സ്റ്റാറിന്റെ സൗന്ദര്യത്തിന് പിന്നിൽ. മമ്മൂട്ടിയുടെ പേഴ്സണൽ കുക്കായ ലെനീഷ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഒരു അഭിമുഖത്തിലായിരുന്നു ലെനീഷ് മമ്മൂക്കയുടെ ഭക്ഷണ ക്രമം വെളിപ്പെടുത്തിയത്.

'ഓട്സിന്റെ കഞ്ഞിയാണ് മമ്മൂക്കയുടെ പ്രഭാത ഭക്ഷണം. ഒപ്പം പപ്പായയുടെ കഷ്ണങ്ങൾ, മുട്ടയുടെ വെള്ള. തലേദിവസം വെള്ളത്തിലിട്ടുവച്ച് തൊലികളഞ്ഞ പത്ത് ബദാം. വെള്ളം തിളപ്പിച്ചശേഷം ഓട്സിട്ട് കഞ്ഞി കുറുകമ്‌ബോൾ ഇത്തിരി ഉപ്പിട്ട് വാങ്ങിവയ്ക്കണം.

ഉച്ചയ്ക്ക് ചോറ് കഴിക്കില്ല. ഓട്സ് പൊടി കൊണ്ടുള്ള അരക്കുറ്റി പുട്ടാണ് പ്രധാന ഭക്ഷണം. കൂടെ തേങ്ങചേർത്ത മീൻകറി നിർബന്ധമാണ്. പൊരിച്ചതൊന്നും കഴിക്കില്ല. കരിമീൻ, കണമ്പ്, തിരുത ഇവയിലേതെങ്കിലുമാണെങ്കിൽ നല്ലത്. പൊടിമീനോ കൊഴുവയോ തേങ്ങയരച്ച് കറിവച്ചാലും ഇഷ്ടമാണ്. ഒപ്പം അച്ചിങ്ങ മെഴുക്കുപുരട്ടിയത്, കുരുമുളകുപൊടി വിതറിയ പച്ചക്കറി സാലഡ്. വൈകന്നേരം കാര്യമായി ഒന്നും കഴിക്കില്ല. ഇടയ്ക്ക് കട്ടൻചായ കുടിച്ചുകൊണ്ടിരിക്കും. രാത്രി ഗോതമ്ബിന്റെയോ ഓട്സിന്റെയോ ദോശ. പരമാവധി മൂന്ന് ദോശ മാത്രമേ കഴിക്കു. ഒപ്പം തേങ്ങാപ്പാൽ ചേർത്ത് അധികം മസാലയിടാത്ത നാടൻ ചിക്കൻ കറി. അതില്ലെങ്കിൽ ചമ്മന്തിയായാലും മതി. ശേഷം മഷ്റൂം സൂപ്പ്.' ലിനീഷ് പറയുന്നു.

ഭക്ഷണം ലൊക്കേഷനിൽ ചെന്ന് കൊടുക്കണമെന്ന് നിർബന്ധമുള്ളയാളാണ് മമ്മൂട്ടി. ഭക്ഷണം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഉടൻ തന്നെ മറുപടി നൽകുമെന്നും ലിനീഷ് വ്യക്തമാക്കി. തുറുപ്പുഗുലാൻ എന്ന ചിത്രം മുതൽ ലിനീഷ് മമ്മൂട്ടിക്കൊപ്പമുണ്ട്‌