തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് തീയതി ചർച്ചകൾക്കുശേഷമേ തീരുമാനിക്കൂ എന്ന് സംസ്ഥാന തെരഞ്ഞടുപ്പ് കമ്മിഷണർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുമായി മുന്നോട്ടുപോവുകയാണെന്നും രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് മാറ്റണമെന്നാവശ്യപ്പെട്ട് എൻ എസ് എസ് കത്ത് നൽകിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തെരഞ്ഞെടുപ്പ് നടത്താമെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുളളത്. ബൂത്തിൽ സാമൂഹ്യ അകലംപാലിച്ച് ക്യൂ ക്രമീകരിക്കാനാവും. ആരോഗ്യവകുപ്പുമായി വീണ്ടും ചർച്ചകൾ നടത്തും. രാഷ്ട്രീയപാർട്ടികളുമായും പൊലീസുമായും ചർച്ചകൾ നടത്തും. അതിനുശേഷമായിരിക്കും തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുക. തിരഞ്ഞെടുപ്പ് പ്രചാരണത്തിനും കൊവിഡ് പ്രോട്ടാേക്കോൾ ബാധകമായിരിക്കും. മൂന്നുപേരിൽ കൂടുതൽ വീടുകളിൽ പ്രചരണത്തിന് പോകരുതെന്ന് നിർദ്ദേശിക്കും -അദ്ദേഹം വ്യക്തമാക്കി.
ഒക്ടോബറിലാണ് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പുകൾ നടത്തേണ്ടത്. കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനാൽ ഒക്ടോബറിൽ തെരഞ്ഞെടുപ്പ് നടക്കുമോ എന്ന് വ്യക്തമല്ല.