ദുബായ്: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ലോകരാജ്യങ്ങളെല്ലാം പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞ് കിടക്കുകയാണ്. രോഗവ്യാപനത്തില്‍ കുറവ് വന്നതിന് പിന്നാലെ യു.എ.ഇ ഈ മാസം 30ന് സ്‌കൂളുകള്‍ തുറക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. എന്നാല്‍ കൊവിഡിനെ പൂര്‍ണ്ണമായും നിയന്ത്രിക്കാൻ കഴിയാത്ത പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് രക്ഷിതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ ആശങ്കയിലാക്കിയിരിക്കുകയാണ്.
എല്ലാവര്‍ക്കും കൊവിഡ് പരിശോധന
സ്‌കൂളുകള്‍ തുറക്കുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും നിര്‍ബന്ധിത കൊവിഡ് പരിശോധനയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. സ്‌കൂളുകളിലെ ജീവനക്കാരും അദ്ധ്യാപകരും പന്ത്രണ്ട് വയസിനു മുകളിലുള്ള എല്ലാ വിദ്യാര്‍ഥികളും കൊവിഡ് പരിശോധനയ്ക്ക് വിധേയമാകണമെന്നാണ് നിര്‍ദേശം. അബുദാബിയിലെയും അല്‍ഐനിലെയും അദ്ധ്യാപകരുടെയും സ്‌കൂള്‍ ജീവക്കാരുടെയും കൊവിഡ് പരിശോധന ഇതിനോടകം തുടങ്ങിയിട്ടുണ്ട്. വിവിധ സ്‌കൂളുകള്‍ക്ക് വ്യത്യസ്ത സമയം നല്‍കിയാണ് പരിശോധന നടന്നുവരുന്നത്.
വിദ്യാര്‍ഥികളുടെ എണ്ണം ക്രമീകരിക്കും
സാമൂഹികാകലം പാലിക്കുന്നതിന്റെ ഭാഗമായി കര്‍ശന നിയന്ത്രണങ്ങളാണ് ക്ലാസ് റൂമില്‍ ഉള്‍പ്പെടെ നടപ്പിലാക്കുന്നത്. സ്‌കൂള്‍ ക്യാംപസിനകത്ത് 1.5 മീറ്റര്‍ അകലം പാലിക്കണമെന്നാണ് നിര്‍ദേശം. ഇതിന്റെ ഭാഗമായി ഒരോ ക്ലാസിലും പ്രവേശിപ്പിക്കാവുന്ന വിദ്യാര്‍ഥികളുടെ എണ്ണവും പരിമിതപ്പെടുത്തിയിട്ടുണ്ട്. 15 വിദ്യാര്‍ഥികളെ മാത്രമെ ഓരോ ക്ലാസ് റൂമിലും ഇരിക്കാന്‍ അനുവദിക്കുകയുള്ളൂ. കുട്ടികള്‍ക്ക് ഇടവേളകള്‍ നല്‍കുന്നതും കൃത്യമായി ആസൂത്രണം ചെയ്താകണം. ക്ലാസിന് പുറത്തെ കൂട്ടം ചേരലും വിദ്യാര്‍ഥികള്‍ ഒരുമിച്ച് പുറത്തിറങ്ങുന്നതും തടയുന്നതിനായാണ് ഇത്. എല്ലാ അദ്ധ്യാപകരും മാസ്‌ക് ധരിക്കേണ്ടത് നിര്‍ബന്ധമാണെന്ന് പറയുന്ന നിര്‍ദേശത്തില്‍ ആറ് വയസിന് മുകളിലുള്ള കുട്ടികളും എല്ലാ സമയത്തും മാസ്‌ക് ധരിച്ചിരിക്കണമെന്നും വ്യക്തമാക്കുന്നു. ക്ലാസുകള്‍ ആരംഭിക്കുന്നതിനു മുമ്പും ആരംഭിച്ചതിന് ശേഷവും അബുദാബി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എജുക്കേഷന്‍ ഫീല്‍ഡ് വിസിറ്റ് നടത്തുകയും ചെയ്യും. രക്ഷിതാക്കള്‍ക്കും സ്‌കൂള്‍ ജീവനക്കാര്‍ക്കും ക്ലാസുകള്‍ ആരംഭിക്കുന്ന സാഹചര്യത്തില്‍ ബോധവല്‍ക്കരണം നടത്തുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
ദുബായിലെ സ്‌കൂളുകള്‍ ഇങ്ങനെ
ഓഗസ്റ്റ് 30ന് സ്‌കൂളുകള്‍ ആരംഭിക്കുമെങ്കിലും വിദ്യാര്‍ത്ഥികളെ നേരിട്ട് സ്‌കൂളിലയക്കണമോയെന്ന് രക്ഷിതാക്കള്‍ക്ക് തീരുമാനിക്കാമെന്ന് കെ.എച്ച്.ഡി.എ അറിയിച്ചു. രക്ഷിതാക്കളുടെ ആശങ്ക പരിഗണിച്ചാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരണമോയെന്ന് തീരുമാനിക്കാമെന്ന് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റി നിലപാടെടുത്തത്. എത്ര നാളത്തേക്കാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് അനുമതിയെന്ന് വ്യക്തമാക്കിയിട്ടില്ല.
സര്‍ട്ടിഫിക്കറ്റ് നിർബന്ധം
ഷാര്‍ജയില്‍ സ്‌കൂളുകളിലേക്കെത്തുന്നതിന് മുമ്പ് എല്ലാ വിദ്യാര്‍ഥികളും അധ്യാപകരും മറ്റ് ജീവനക്കാരും കൊവിഡ് പരിശോധനയ്ക്ക് വിധേയരായി നെഗറ്റീവാണെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ടെന്ന് ഷാര്‍ജ പ്രൈവറ്റ് എജുക്കേഷന്‍ അതോറിറ്റി അറിയിച്ചു. ഇക്കാര്യം പ്രധാനാധ്യാപകന്‍ പരിശോധിക്കേണ്ടതാണെന്നും വകുപ്പ് വ്യക്തമാക്കുന്നു. വിദ്യാര്‍ഥികള്‍ സ്‌കൂളുകളില്‍ എത്തുന്നതിന് 14 ദിവസം മുമ്പ് യാത്ര ചെയ്തിട്ടുണ്ടെങ്കില്‍ ട്രാവല്‍ ഡിക്ലറേഷന്‍ നല്‍കേണ്ടതുണ്ട്.