ശ്രീനഗർ: ജമ്മുകാശ്മീരിലെ ബാരാമുള്ളയിലുണ്ടായ ഭീകരാക്രമണത്തിൽ സുരക്ഷാസേന തിരിച്ചടിച്ചു. രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ബരാമുള്ള ക്രേരി മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇവരിൽ നിന്നും ആയുധങ്ങളും കണ്ടെത്തി. മുന്ന് ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് നിഗമനം. മറ്റൊരാൾ പ്രദേശത്ത് ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്ന് പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.
രാവിലെ ഒമ്പത് മണിയോടെയാണ് ബാരാമുള്ളയിലെ കെരാരി മേഖലയിൽ സുരക്ഷാ ജോലിയിലായിരുന്ന സംഘത്തിന് നേരെ ഭീകരർ വെടിവച്ചത്. തുടർന്ന് സുരക്ഷാസേന തിരിച്ചടിച്ചു. പതിനഞ്ച് മിനിട്ടോളം ഏറ്റുമുട്ടൽ നടന്നു.
തീവ്രവാദികളുടെ സംഘം സി.ആർ.പി.എഫിന്റെയും ജമ്മുകാശ്മീർ പൊലീസിന്റെയും സംയുക്ത സംഘത്തെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ രണ്ട് സി.ആർ.പി.എഫ് ജവാന്മാരും ഒരു പൊലീസ് ഉദ്യോഗസ്ഥനും വീരമൃത്യു വരിച്ചു.