വാഷിംഗ്ടൺ: കമല ഹാരിസിനെ വിജയശ്രീലാളിതയെന്ന് വിശേഷിപ്പിച്ച് തമിഴ്നാട്ടിൽ പോസ്റ്റർ. കമല ഹാരിസിന്റെ അനന്തരവളും അഭിഭാഷകയുമായ മീനാ ഹാരിസാണ് ചിത്രം ട്വിറ്ററിൽ പങ്കുവച്ചത്. ചിത്രം തമിഴ്നാട്ടിൽ നിന്നും അയച്ചു തന്നതാണെന്ന് മീന ട്വിറ്റിൽ പറഞ്ഞു. 'ഇത് തമിഴ്നാട്ടിൽ നിന്ന് അയച്ചു തന്നതാണ്. പി.വി ഗോപാലന്റെ പേരക്കുട്ടി വിജയശ്രീ ലാളിതയാണ് എന്നാണ് ചിത്രത്തിൽ പറഞ്ഞിരിക്കുന്നത്" - മീന ട്വീറ്റ് ചെയ്തു.
തേങ്ങയുടയ്ക്കണേ ആന്റീ...
അമ്മയുടെ നാട്ടിലെ ക്ഷേത്രത്തിൽ തേങ്ങയുടച്ച് പ്രാർത്ഥിക്കാൻ അമ്മായി സരള ഗോപാലനോട് പറഞ്ഞ കമല ഹാരിസിന്റെ കഥയാണ് ഇപ്പോൾ വൈറലാകുന്നത്. 2010ൽ കാലിഫോർണിയ അറ്റോർണി ജനറൽ തിരഞ്ഞെടുപ്പ് വേളയിലാണ് കമല തന്റെ ആന്റി സരളയോട് തേങ്ങയുടച്ച് പ്രാർത്ഥിക്കണേ എന്ന് പറഞ്ഞത്ണ അന്ന് കമലയ്ക്കായി സരള ബസന്ത് നഗറിലെ ക്ഷേത്രത്തിൽ 108 തേങ്ങ ഉടച്ച് വഴിപാട് നടത്തിയിരുന്നു. തിരഞ്ഞെടുപ്പിൽ കമല വിജയിക്കുകയും ചെയ്തു. ജീവിതത്തിൽ മൂല്യങ്ങൾക്കും പ്രാർത്ഥനകൾക്കും ഏറെ പ്രാധാന്യം നൽകുന്ന വ്യക്തിയാണ് കമല.
ഇന്ത്യൻ വംശജ സബ്രിന സിംഗ് കമലയുടെ പ്രസ് സെക്രട്ടറി
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായ ഇന്ത്യൻ വംശജ കമല ഹാരിസ് തന്റെ പ്രസ് സെക്രട്ടറിയായി മറ്റൊരു ഇന്ത്യൻ വംശജയായ സബ്രിന സിംഗിനെ നിയമിച്ചു. 32കാരിയായ സബ്രിന ട്വിറ്ററിലൂടെയാണ് ഈ വിശേഷം പങ്കുവച്ചത്. ജോ ബൈഡനും കമല ഹാരിസിനും ഒപ്പം ജോലി നോക്കാൻ തിടുക്കമായി എന്നാണ്
അവർ ട്വീറ്റ് ചെയ്തത്. ന്യൂയോർക്ക് മേയറായ മൈക്ക് ബ്ളൂംബർഗിന്റെയും ന്യൂജഴ്സി സെനറ്റർ കോറി ബുക്കറിന്റെയും വക്താവായി ജോലി നോക്കിയിട്ടുള്ള സബ്രിന ആദ്യമായാണ് അമേരിക്കൻ രാഷ്ട്രീയത്തിൽ ഒരു പ്രധാന സ്ഥാനം വഹിക്കുന്നത്. 1940ൽ അമേരിക്കയിലേക്ക് കുടിയേറി അവിടുത്തെ അസമത്വത്തിനെതിരെ പോരാടിയ ജെ.ജെ.സിംഗിന്റെ പുതുതലമുറക്കാരിയാണ് സബ്രിന.