jail

തിരുവനന്തപുരം: മുൻകരുതലുകൾ പാലിക്കാതെ പുറത്തിറങ്ങി നടക്കുന്നവർക്ക് കൊവിഡ് വരാൻ സാദ്ധ്യതയേറെയെന്ന് പറയുന്നത് വെറുതേയല്ല. അനുഭവത്തിലൂടെ അത് അറിഞ്ഞതുമാണ്. എന്നാലിപ്പോൾ അടച്ചുറപ്പുള്ള അകത്തളങ്ങളും സുരക്ഷിതമല്ലെന്നതാണ് തലസ്ഥാനത്തെ പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നുള്ള കാര്യങ്ങൾ തെളിയിക്കുന്നത്. ജയിലിൽ രോഗം ബാധിക്കുന്നവരുടെ എണ്ണം അനുദിനം വർദ്ധിച്ചുവരികയാണ്.


അതിവേഗം പടർന്ന്

970 തടവുകാരാണ് പൂജപ്പുരയിലുള്ളത്. ഇതിനോടകം 477 തടവുകാർക്കാണ് ജയിലിൽ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 114 പേർക്ക് രോഗം സ്ഥിരീകരിച്ചു. 363 പേർക്ക് പരിശോധന നടത്തിയതിൽ നിന്നാണ് ഇത്രയുമധികം പേർക്ക് രോഗം കണ്ടെത്തിയത്. തടവുകാരിൽ പ്രായമേറിയവരും മറ്റ് അസുഖങ്ങളുള്ളവരുമുണ്ട്. കൊവിഡ് ഹൈ റിസ്‌ക് വിഭാഗത്തിൽ പെടുന്ന പ്രായമേറിയവർക്ക് അതീവശ്രദ്ധ നൽകണമെന്ന് സർക്കാർ നേരത്തെ തന്നെ നിർദ്ദേശിച്ചിട്ടുള്ളതാണ്. സെൻട്രൽ ജയിലിൽ ആദ്യമായി രോഗം സ്ഥീകരിച്ച കിളിമാനൂർ പുലിപ്പള്ളിക്കോണം ഉഴുന്നുവിള വീട്ടിൽ മണികണ്ഠൻ (72) കഴിഞ്ഞദിവസം മരണപ്പെട്ടിരുന്നു. രോഗബാധയെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാലുവർഷമായി ഇദ്ദേഹം തടവിൽ കഴിയുകയാണ്. എന്നാൽ, മണികണ്ഠന് എവിടെ നിന്നാണ് രോഗം ബാധിച്ചത് എന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. തടവുകാരിൽ പലർക്കും രോഗലക്ഷണങ്ങളില്ല. അതാണ് സ്ഥിതി സങ്കീർണമാക്കുന്നതും.

ജീവനക്കാർക്ക് ആശങ്ക

തടവുകാർക്ക് രോഗം അതിവേഗം പകർന്നതോടെ ജയിലിലെ 300 ഉദ്യോഗസ്ഥരും ഭീതിയിലായി. രോഗം ബാധിച്ച തടവുകാരുമായി ദിവസങ്ങളോളം നേരിട്ട് സമ്പർക്കം പുലർത്തിയ ഉദ്യോഗസ്ഥർ ഇവിടെയുണ്ട്. തടവുകാരിൽ രോഗബാധ കണ്ടെത്തിയപ്പോൾ തന്നെ ജീവനക്കാർക്ക് സുരക്ഷാസംവിധാനങ്ങൾ ഒരുക്കണമെന്ന് ആവശ്യമുയർന്നെങ്കിലും ഒന്നും നടപ്പായില്ല. ജീവനക്കാരിൽ ഭൂരിപക്ഷവും സ്വന്തമായി പരിശോധന നടത്തുകയാണ്. ഇവർക്കായി ആന്റിജൻ കിറ്റുകൾ ലഭ്യമാക്കുന്നില്ലെന്നും പരാതിയുണ്ട്. തടവുകാരുമായി ഇടപഴകിയ ജീവനക്കാരെ ക്വാറന്റൈൻ ചെയ്യാതെ ജോലിക്ക് നിയോഗിക്കുന്നതായും ആക്ഷേപമുണ്ട്. ജയിൽ ഡി.ഐ.ജി ഇപ്പോൾ തന്നെ ക്വാറന്റൈനിലാണ്.

ഇനിയെന്ത്?

രോഗവ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ചികിത്സയ്ക്കായി ജയിലിനുള്ളിൽ തന്നെ പ്രത്യേക വാർഡ് തുറക്കുന്ന കാര്യം അധികൃതർ ആലോചിക്കുന്നുണ്ട്. ഗുരുതര നിലയിലാകുന്നവരെ മാത്രം ആശുപത്രികളിലേക്ക് മാറ്റിയാൽ മതിയെന്നാണ് ഇപ്പോഴത്തെ ധാരണ.