ഹിന്ദുസ്ഥാനി സംഗീതത്തിലെ തലതൊട്ടപ്പന്മാരിൽ ഒരാളായിരുന്നു കുമാർഗന്ധർവ. അദ്ദേഹം പാടുകയാണ്. തബല വായിക്കുന്നത് കൗമാരം പിന്നിടാത്ത ജസ്‌രാജ്. കച്ചേരിക്കിടയിൽ ഒരു രാഗത്തെച്ചൊല്ലി പ്രേക്ഷകർ തർക്കിച്ചു. തർക്കം മൂത്തപ്പോൾ ജസ്‌രാജും ഇടപെട്ടു. കുമാർഗന്ധർവപാടിയത് പൂർണമായും സംഗീതശാസ്ത്രം അനുസരിച്ചല്ല എന്നതുൾപ്പെടെ ചില കാര്യങ്ങൾ ജസ്‌രാജ്. പറഞ്ഞു. ഉടൻ വന്നു പ്രേക്ഷകരിൽ ചിലരുടെ പ്രതികരണം. 'തബലിസ്റ്റ് ആ പണി ചെയ്താൽ മതി.- ആ പ്രതികരണം ജസ്‌രാജിന് താങ്ങാനായില്ല. വായ്പാട്ടിനെക്കുറിച്ച് പറയാൻ 'നീ ആര്? നീ തബല വായിച്ചാൽ മതി' എന്ന് പരിഹസിച്ച് കുമാർഗന്ധർവയും ജസ്‌രാജിനോട് പൊട്ടിത്തെറിച്ചതായും കഥയുണ്ട്. മിഴാവ് വാദകനായിരുന്ന കുഞ്ചൻ നമ്പ്യാർ ചാക്യാർകൂത്ത് ഉപേക്ഷിച്ചിറങ്ങിയപോലെ അന്ന് ഒരു പോക്ക് പോയതാണ് ജസ്‌രാജ്. വായ്പാട്ട് പഠിച്ച് അരങ്ങിലെത്താതെ ഇനി മുടിമുറിക്കില്ലെന്ന് അന്ന് ശപഥംചെയ്തു. 16 വയസ് മാത്രമായിരുന്നു പ്രായം. 22-ാം വയസിൽ മടങ്ങിവന്നത് സംഗീതപ്രപഞ്ചത്തിന് ഇന്ത്യ സമ്മാനിച്ച ഇതിഹാസപ്പിറവിയായി. നാലാംവയസിൽ പിതാവിനെ നഷ്ടപ്പെട്ട ജസ്‌രാജ് ജ്യേഷ്ഠന്മാരായ പണ്ഡിറ്റ് മണിറാമിന്റെയും പ്രതാപ് നാരായണിന്റെയും തണലിലാണ് തബലയിലേക്കും സംഗീതത്തിന്റെ കൊടുമുടികളിലേക്കും നടന്നു കയറിയത്.

രാഷ്ട്രീയത്തിലും കാലാസാഹിത്യമേഖലകളിലും ഉള്ളതിനേക്കാൾ വിപത്തുകൾ നിറഞ്ഞൊരു മേഖലയാണ് സംഗീതം. ഈ വിശ്വപ്രപഞ്ചത്തിന്റെ മുഴുവൻ ചലനങ്ങളും സംഗീതഭദ്രമായിരിക്കെ അതെങ്ങനെ സംഭവിക്കുന്നുവെന്നത് അദ്ഭുതപ്പെടുത്തുന്ന കാര്യമാണ്. കാൽനൂറ്റാണ്ട് മുമ്പ് ഗാനഗന്ധർവനായ യേശുദാസിനെയും സംഗീതം അനുരാഗ മഴയായി ചൊരിഞ്ഞ ദേവരാജൻ മാഷിനെയും കാണുമ്പോൾ തോന്നിയത് ഏതോ ക്ഷേത്രനടയിൽ നിൽക്കുന്നതു പോലെയാണ്. യേശുദാസിനോട് അന്ന് ചോദിച്ച ഒരു ചോദ്യം താങ്കൾ മുൻ ശുണ്ഠിക്കാരനാണ് എന്ന് കേട്ടിട്ടുണ്ടല്ലോ എന്നാണ്. ഇപ്പോഴും അങ്ങനെ തോന്നുന്നുണ്ടോ എന്നായിരുന്നു ഗാനഗന്ധർവന്റെ മറുചോദ്യം. ചിത്രകാരനും സിനിമസംവിധായകനുമായ നേമം പുഷ്പരാജിന്റെ ബൈക്കിനു പിന്നിലിരുന്നാണ് അന്ന് അവരുടെ അരികിലേക്കു പോയത്. പണ്ഡിറ്റ് ജസ്‌രാജിന്റെ വിയോഗമറിഞ്ഞപ്പോൾ ഈ സന്ദർഭമാണ് ആദ്യം മനസിലേക്കു കടന്നുവന്നത്. ദൈവത്തിന്റെ ശ്രുതിസ്പർശമുള്ള ഇതിഹാസഗായകൻ സംഗീതത്തിന്റെ അന്തതയിലേക്കു മടങ്ങിപ്പോയി.

ജസ്‌രാജ് പാടുമ്പോൾ ആ നാദവിസ്മയത്തിൽ ആസ്വാദകർ ധ്യാനത്തിലാവുന്നു. നിശബ്ദതയാണ് ഏറ്റവും മഹത്തായ സംഗീതമെന്ന് പഠിപ്പിക്കുകയായിരുന്നു പണ്ഡിറ്റ് ജസ്‌രാജ്. ധ്യാനത്തിൽ പരംപൊരുളാകെ ഉള്ളിൽ വിലയംപ്രാപിക്കുന്നതു പോലെയാണത്. എല്ലാ ശബ്ദങ്ങളെയും നിശ്ശബ്ദമാക്കാൻ കഴിയുന്ന സംഗീതം. അതായിരുന്നു പണ്ഡിറ്റ് ജസ്‌രാജ്. മാദ്ധ്യമപ്രവർത്തകനായ എസ്.ഗോപാലകൃഷ്ണൻ കുറിച്ചതുപോലെ ശ്രുതിയിൽ ശബ്ദിക്കുന്ന ഒരമ്പലമണിപോലെയായിരുന്നു ജസ്‌രാജിന്റെ സംഗീതം.

തോടി രാഗത്തിൽ അദ്ദേഹം പാടുകയാണ്. വേദിക്ക് കുറച്ചപ്പുറം വനമാണ്. അവിടെനിന്ന് ഒരു ക‌ൃഷ്ണമൃഗം വേദിയിലേക്ക് നടന്നുവന്നു. കാതുകൂർപ്പിച്ച് അതങ്ങനെ നിശബ്ദമായി നിന്നു. പണ്‌‌ഡിറ്റ് ജസ്‌രാജ് തന്നെ ഈ അനുഭവം പലപ്പോഴും പറഞ്ഞിട്ടുണ്ട്. 1987 ൽ നടന്നതാണിത്.

ഏതു രാഗത്തെയും അനുരാഗമാക്കിമാറ്റാൻ കഴിയുന്ന സംഗീതജ്ഞനായിരുന്നു ജസ്‌രാജ്. അത് ചിലപ്പോൾ ശൃംഗാരത്തിന്റെ വസന്തമഴയായി മാറും. രാധാകൃഷ്ണപ്രേമത്തെപ്പറ്റിയുള്ള ഹവേലികൾ പാടുമ്പോൾ ദിവ്യമായ ആ പ്രണയാനുഭവത്തിലേക്ക് ആസ്വാദകർ പറന്നുപോകും. 'ബാല് ഗോപാൽ ഗുലാൽ ഹമാരേ...'എന്ന ഹവേലിയായിരുന്നു ജസ്‌രാജിന് ഏറ്റവും പ്രിയം.

ചൊവ്വയ്‌ക്കും വ്യാഴത്തിനും ഇടയ്ക്കുള്ള ഒരു ചെറു ഗ്രഹത്തിന് പണ്ഡിറ്റ് ജസ്‌രാജ് എന്ന് ഇന്റർനാഷണൽ അസ്‌ട്രോണോമിക്കൽ യൂണിയൻ പേര് നൽകിയിട്ടുണ്ട്. മൊസാർട്, ബിഥോവൻ എന്നിവരുടെ പേരുകളാണ് നേരത്തെ അത്തരം ഗ്രഹങ്ങൾക്ക് നൽകിയിട്ടുള്ളത്.

ഈ പ്രപഞ്ചത്തിലെ ഓരോ പരമാണുവിലും ദൈവമുണ്ട്. ദൈവത്തിന്റെ കരസ്പർശമേറ്റ ഏത് സംഗീത‌ജ്ഞന്റെയും ശബ്ദം ആ പരമാണുക്കളിലാകെ വിലയം ചെയ്തു നിൽക്കും. അതുകൊണ്ടാണ് കാട്ടിലെങ്ങോ അലഞ്ഞുനടന്ന കൃഷ്ണമൃഗം ജസ്‌രാജ് പാടിയപ്പോൾ ഓടിയെത്തി കോതോർത്തത്. ധ്യാനത്തിന്റെ പരമാനന്ദത്തിലേക്ക് ആസ്വാദകനെ ആലിംഗനംചെയ്തു നിറുത്താനാവും മഹാസംഗീതജ്ഞന്മാർക്ക്. വിശുദ്ധമായ ആ ആലിംഗനമാണ് പണ്ഡിറ്റ് ജസ്‌രാജിന്റെ ദേഹവിയോഗത്തോടെ സംഗീതലോകത്തിന് നഷ്ടമായത്.