ക്വാലാലംപൂർ: കൊവിഡിനേക്കാൾ പത്തിരട്ടി ശക്തിയുള്ള പുതിയ വൈറസിനെ മലേഷ്യയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ഡി 614ജി എന്നാണ് വൈറസിന്റെ പേര്. കൊവിഡ് ബാധിച്ച 45 ഓളം ആളുകളിൽ നടത്തിയ പരിശോധനയിൽ മൂന്നു പേരിലാണ് പുതിയ വൈറസ് ബാധ കണ്ടെത്തിയത്. അതിൽ ഒരാൾ ഇന്ത്യക്കാരനായ റെസ്റ്റോറന്റ് ഉടമയാണെന്നും റിപ്പോർട്ടുണ്ട്. 14 ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കാതെ പുറത്തിറങ്ങിയ റെസ്റ്റോറന്റ് ഉടമയെ പിടികൂടി പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. ഇയാൾക്ക് ചികിത്സ കഴിഞ്ഞാലുടൻ അഞ്ചു മാസത്തെ ജയിൽവാസവും കനത്ത പിഴയും ശിക്ഷയായി ലഭിച്ചേക്കും. ഫിലിപ്പൈൻസിൽ നിന്ന് മടങ്ങിയെത്തിയ ചിലരിലും സമാനമായ ലക്ഷണങ്ങൾ കണ്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിലവിലെ കൊവിഡ് പ്രതിരോധ മരുന്നുകൾ ഈ വൈറസിനെ പ്രതിരോധിക്കുന്ന കാര്യത്തിൽ സംശയമുണ്ടെന്ന് മലേഷ്യൻ ആരോഗ്യവിഭാഗം മേധാവി നൂർ ഹിഷാം അബ്ദുള്ള പറഞ്ഞു. എന്നാൽ, പുതിയ വൈറസ് കൂടുതൽ മാരകമാണെന്നത് സംബന്ധിച്ച് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.