gan

മനാമ: ഗണേശ വിഗ്രഹം എറിഞ്ഞുടച്ച മുസ്ലിം വനിതയെ അറസ്റ്റ് ചെയ്ത് ബഹ്റൈൻ സർക്കാർ. മത ചിഹ്നത്തെ മനഃപൂർവം അപമാനിച്ചതിനാണ് 54 കാരിക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ബഹ്റൈനിലെ ഒരു സൂപ്പർമാർക്കറ്റിൽ ഗണേശ വിഗ്രഹങ്ങൾ വിൽക്കാൻ വച്ചിരിക്കുന്നതിനു സമീപം നിൽക്കുന്ന രണ്ട് മുസ്ലീം വനിതകളിൽ ഒരാൾ മാർക്കറ്റിലെ ജീവനക്കാരനായ യുവാവിനോട് 'ഇത് മുസ്ലിം രാജ്യമാണ്, ശരിയല്ലേ?' എന്നു ചോദിക്കുന്നു. തുടർന്ന് വിഗ്രഹങ്ങൾ ഓരോന്നായി എറിഞ്ഞുടയ്കയാണ്. 'ഇനി ഈ വിഗ്രഹങ്ങളെ ആരാണ് ആരാധിക്കുന്നത് എന്ന് നോക്കാം' എന്നാണ് ഒപ്പമുണ്ടായിരുന്ന സ്ത്രീയുടെ കമന്റ്.

സംഭവത്തെ അപലപിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. സ്ത്രീകളുടെ നടപടി സ്വീകാര്യമല്ലെന്ന് ബഹ്റൈൻ രാജാവിന്റെ ഉപദേശകനും മുൻ വിദേശകാര്യ മന്ത്രിയുമായ ഖാലിദ് അൽ ഖലീഫ പറഞ്ഞു. മത ചിഹ്നങ്ങൾ തകർക്കുന്നത് ബഹ്റൈന്റെ സംസ്കാരമല്ല. അത് കുറ്റകൃത്യമാണ്. വിദ്വേഷം സ്വീകാര്യമല്ല," ഖാലിദ് അൽ ഖലീഫ ട്വീറ്റ് ചെയ്തു. പ്രതി കുറ്റ സമ്മതം നടത്തിയെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.