തിരുവനന്തപുരം:സ്വർണക്കടത്തുകേസിൽ ആരോപണം ഉയരുന്നതിന് മുമ്പ് സ്വപ്‌ന തകർത്ത ജീവിതമാണ് എയർഇന്ത്യ ജീവനക്കാരനായ എൽ.എസ് സിബുവിന്റെത്. സ്വപ്‌നയുടെയും കൂട്ടരുടെയും ചെയ‌്തികൾക്ക് കൂട്ടു നിൽക്കാത്തതാണ് തിരുവനന്തപുരം പട്ടം സ്വദേശിയായ സിബുവിന്റെ ജീവിതം മാറ്റിമറിച്ചത്. സിബുവിനെതിരെ 17 പെൺകുട്ടികളുടെ പേരിൽ എയർപോർട്ട് ഡയറക്ടർക്ക് പരാതി തപാലിൽ ലഭിക്കുകയായിരുന്നു. പരാതിയിലെ രണ്ടാംപേരുകാരിയായ പാർവതി സാബു മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സിബുവിനെതിരെ ആഭ്യന്തര അന്വേഷണ സമിതി അച്ചടക്ക നടപടി സ്വീകരിച്ചത്.
ആഭ്യന്തര അന്വേഷണ സമിതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് സിബു നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി. അന്വേഷണത്തിൽ സ്വപ്‌നയുടെ ഇടപെടലുകൾ വ്യക്തമായി പുറത്തുവന്നു. 2020 ഫെബ്രുവരിയിൽ കേസുമായി ബന്ധപ്പെട്ട് ആദ്യമായി ചോദ്യം ചെയ‌്തപ്പോൾ സ്വപ്‌ന തെറ്റുകൾ ഏറ്റു പറഞ്ഞു. സിബുവിനെതിരെ പരാതി തയ്യാറാക്കിയതു പോലും സ്വപ്‌നയാണെന്ന് തെളിഞ്ഞു.
സ്വപ്ന സുരേഷാണ് പാർവതി സാബു എന്നപേരിൽ നീതു മോഹൻ എന്ന പെൺകുട്ടിയെ ആഭ്യന്തര അന്വേഷണ സമിതിക്കു മുന്നിൽ ഹാജരാക്കി തെറ്റായ മൊഴി കൊടുത്തതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തപ്പോൾ, രണ്ടു മാസം മുൻപാണ് സാറ്റ്സിൽ ജോലിയിൽ പ്രവേശിച്ചതെന്നും സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന തന്നെകൊണ്ട് വൈസ് പ്രസിഡന്റും ചിലരും ചേർന്ന് തെറ്റായ പല കാര്യങ്ങളും ചെയ്യിച്ചതായും മൊഴി നൽകി. 17 പെൺകുട്ടികളുടേതായി തയാറാക്കിയ പരാതി ഡ്രാഫ്റ്റ് ചെയ്തത് സ്വപ്ന സുരേഷാണെന്ന അനുമാനത്തിൽ ക്രൈംബ്രാഞ്ച് എത്തി. ഇതിലുള്ള അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ആത്മഹത്യ ചെയ്യാതെ പിടിച്ചു നിന്നത് ദൈവ വിശ്വാസം കൊണ്ടുമാത്രമാണെന്ന് സിബുവിന്റെ ഭാര്യ ഗീതാദേവി പറയുന്നു. 'പല രാത്രിയിലും മകളെയും കെട്ടിപ്പിടിച്ച് പൂജാമുറിയിലിരുന്ന് പൊട്ടിക്കരഞ്ഞിട്ടുണ്ട്. പഴവങ്ങാടി ഗണപതിയുടെ അനുഗ്രഹം കൊണ്ടാണ് സ്വപ്‌നയുടെയും കൂട്ടരുടെയും കള്ളക്കളികൾ പുറത്തായത്'-ഗീതാദേവിയുടെ വാക്കുകൾ (വനിതയ്‌ക്ക് നൽകിയ അഭിമുഖം).