pranav-prince

തി​രുവനന്തപുരം : മലയാളി​ ബാസ്കറ്റ് ബാൾ താരം പ്രണവ് പ്രി​ൻസി​ന് അമേരി​ക്കൻ സ്കൂൾ അക്കാഡമി​യുടെ സ്കോളർഷി​പ്പ് ലഭി​ച്ചു​. വാഷിംഗ്ടണിലെ പ്രൈവറ്റ് ഹൈസ്കൂളായ ഫസ്റ്റ് ലവ് ക്രിസ്ത്യൻ അക്കാഡമിയാണ് 17കാരനായ പ്രണവിനെ സ്കോളർഷിപ്പിനായി തിരഞ്ഞെടുത്തത്. എൻ.ബി.എ അക്കാദമി ഇന്ത്യയിൽ നിന്ന് യു.എസ് ഹൈസ്കൂൾ ബാസ്കറ്റ് ബാൾ സ്കോളർഷിപ്പ് നേടുന്ന രണ്ടാമത്തെ പുരുഷ അത്‌ലറ്റാണ് പ്രണവ്.
2018ൽ പ്രണവ് റിലയൻസ് ഫൗണ്ടേഷൻ ജൂനിയർ എൻ.ബി.എ പരിപാടിയിൽ പങ്കെടുത്തിരുന്ന ആറടി ആറിഞ്ചുകാരനായ ഈ ഗാർഡ് 2018 ലും 2019 ലും ആസ്ട്രേലിയയിലും, അമേരിക്കയിലും നടന്ന എൻ.ബി.എ അക്കാഡമി ഗെയിംസുകളിലും പങ്കെടുത്തിട്ടുണ്ട്. 2019 ൽ ഹംഗറിയിൽ നടന്ന സ്റ്റേജ് 1 യൂറോ യൂത്ത് ബാസ്കറ്റ്ബാൾ ലീഗിൽ, എൻ.ബി.എ അക്കാദമി ഇന്ത്യയെപ്രതിനിധീകരിച്ചു. 2019 നവംബറിൽ ആസ്ട്രേലിയയിൽ നടന്ന എൻ.ബി.എ ഗ്ലോബൽ അക്കാദമി ഡെവലപ്മെന്റ് ക്യാമ്പിലും പങ്കാളിയായിരുന്നു. കഴിഞ്ഞ വർഷം സൗത്ത്ഏഷ്യൻ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ വിജയിച്ച്,ഫിബ U16 ഏഷ്യാ കപ്പിന്റെ അടുത്ത എഡിഷനിലേക്ക് സ്ഥാനം നേടിയ ഇന്ത്യ അണ്ടർ-16 ടീമിലും അംഗമായിരുന്നു.

തിരുവനന്തപുരത്ത് ഡ്രൈവറായ പ്രിൻസിന്റെയും സിറ്റി കമ്മീഷണർ ഓഫീസിൽ ജോലി നോക്കുന്ന വനിതാ സീനിയർ സിവിൽ പൊലീസ് ഓഫീസർ എലിസബത്തിന്റെയും മകനാണ് പ്രണവ്. പൊലീസ് ക്വാർട്ടേഴ്സിലാണ് താമസം. സഹോദരി ആൻ മിഷേൽ പട്ടം സെന്റ് മേരീസ് സ്കൂളിലെ ഏഴാം ക്ളാസ് വിദ്യാർത്ഥിനിയാണ്. സെന്റ് ജോസഫ് സ്കൂളിൽ ഒൻപതാം ക്ളാസ് വിദ്യാർത്ഥിയായിരിക്കേ എൻ.ബി.എ ഇന്ത്യ അക്കാഡമിയിലേക്ക് സെലക്ഷൻ ലഭിച്ച പ്രണവ് ഇപ്പോൾ നോയ്ഡയിലാണ് പഠിക്കുന്നതും പരിശീലിക്കുന്നതും.

“ഫസ്റ്റ് ലവ് ക്രിസ്ത്യൻ അക്കാഡമിക്കും, കോച്ച് ഖൈരീയ്ക്കും ഈ അവസരം നൽകിയതിന് ഞാൻ ഞാൻ നന്ദി പറയുന്നു. ഈ യാത്രയിൽ എന്നോടൊപ്പം നിന്ന കുടുംബത്തിനും, എൻ.ബി.എ അക്കാദമി ഇന്ത്യയ്ക്കും പരിശീലകർക്കും നന്ദി .” പ്രിൻസ് പറഞ്ഞു.