uy

ബീജിംഗ്: ചൈനയിൽ ഉയ്ഘർ മുസ്ലിം വിഭാഗങ്ങൾക്കെതിരെ അസഹിഷ്ണുത പുകയുന്നു. സിൻജാംഗ് പ്രവിശ്യയിലെ ആതുഷി ഗ്രാമത്തിലുണ്ടായിരുന്ന ഉയ്‌ഘർ ജുമാ മസ്ജിദ് കുറച്ചു ദിവസങ്ങൾക്ക് മുമ്പ് സർക്കാർ പൊളിച്ച് നീക്കിയിരുന്നു. ഇപ്പോൾ പള്ളി നിന്നിരുന്നിടത്ത് യുദ്ധകാലാടിസ്ഥാനത്തിൽ ഒരു പൊതു ശൗചാലയം കെട്ടിപ്പൊക്കിയിരിക്കുകയാണ് സർക്കാർ.

ആതുഷ് സുണ്ടാഗ് ഗ്രാമത്തിൽ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ടോക്കുൾ മോസ്‌ക് ആണ് സർക്കാർ ഇടിച്ചു നിരത്തിയത്. പള്ളി ഇടിച്ചു പൊളിക്കും മുമ്പ് അത് കൈയേറി മിനാരത്തിൽ പാർട്ടിക്കൊടി നാട്ടിയ ഹാൻ വംശജരായ കമ്യൂണിസ്റ്റ് പാർട്ടി പ്രതിനിധികൾ, പള്ളിയുടെ മുൻ വശത്ത് മാൻഡറിൻ ഭാഷയിൽ " രാജ്യത്തെ സ്നേഹിക്കുക, പാർട്ടിയെ സ്നേഹിക്കുക " എന്നെഴുതിയ ബോർഡും സ്ഥാപിച്ചിരുന്നു. ഷി ജിൻപിംഗിന്റെ ചൈനീസ് കമ്മ്യൂണിസ്റ്റ് സർക്കാർ 2016 ൽ തുടങ്ങിയ 'മോസ്‌ക് റെക്റ്റിഫിക്കേഷൻ' നയത്തിന്റെ ഭാഗമായാണ് ഈ നടപടിയും.

ഇത് ഉയ്‌ഘർ മുസ്ലിങ്ങളുടെ മനോബലം തകർക്കാനും, സ്വന്തം വിശ്വാസപ്രമാണങ്ങളിൽ നിന്ന് അവരെ നിർബന്ധിതമായി അടർത്തിമാറ്റി, ഹാൻ വംശീയസ്വത്വത്തിലേക്കും, മുഖ്യധാരാ ചൈനീസ് ദേശീയതയിലേക്കും ഇണക്കിച്ചേർക്കാനുമുള്ള സർക്കാരിന്റെ പരിശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടിയും എന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. ഉയ്ഘർ മുസ്ലിം വിഭാഗങ്ങളെ അടിച്ചമർത്താൻ ചൈന ശ്രമിക്കുന്നതിനെതിരെ അമേരിക്ക അടക്കമുള്ള ലോകരാഷ്ട്രങ്ങൾ രംഗത്തെത്തിയിരുന്നു.