nishikant-kamat

ന്യൂഡൽഹി : കരൾ രോഗത്തെ തുടർന്ന് ഹൈദരാബാദിലെ ആശുപത്രിയിൽ കഴിഞ്ഞിരുന്ന ബോളിവുഡ് സംവിധായകനും നടനുമായ നിഷികാന്ത് കാമത്ത് ( 50 ) അന്തരിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെ ആശുപത്രിയിൽ കഴിഞ്ഞ നിഷികാന്ത് മരിച്ചതായി അഭ്യൂഹങ്ങൾ ഇന്ന് രാവിലെ പുറത്തുവന്നിരുന്നു. എന്നാൽ ഇത് തെറ്റാണെന്ന് അറിയിച്ചു കൊണ്ട് നടന്മാരായ റിതേഷ് ദേശ്‌മുഖ്, ജോൺ എബ്രഹാം ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. എന്നാൽ ഇന്ന് വൈകിട്ട് 4.38 ഓടെ റിതേഷ് തന്നെ നിഷികാന്തിന്റെ മരണ വാർത്ത ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.

I will miss you my friend. #NishikantKamat Rest In Peace. 🙏🏽 pic.twitter.com/cqEeLbKJPM

— Riteish Deshmukh (@Riteishd) August 17, 2020

മോഹൻലാലിന്റെ ഹിറ്റ് ചിത്രമായ ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിന്റെ സംവിധായകനാണ് നിഷികാന്ത്. 2015ൽ പുറത്തിറങ്ങിയ ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിൽ അജയ് ദേവ്‌ഗൺ, ശ്രീയ ശരൺ, തബു തുടങ്ങിയവരാണ് അഭിനയിച്ചത്. മദാരി, ഫോഴ്സ്, റോക്കി ഹാൻഡ്സം, മുംബയ് മേരി ജാൻ തുടങ്ങിയവയാണ് നിഷികാന്ത് സംവിധാനം ചെയ്ത മറ്റ് ശ്രദ്ധേയ ചിത്രങ്ങൾ.

ഡാഡി, റോക്കി ഹാൻഡ്സം, ജൂലി 2, ഭവേശ് ജോഷി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മറാത്തി സിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്. മികച്ച മറാത്തി ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ ഡോംബിവാലി ഫാസ്‌റ്റ് ( 2005 ) ആണ് നിഷികാന്ത് ആദ്യമായി സംവിധാനം ചെയ്ത സിനിമ. ദ ഫൈനൽ കോൾ, രംഗ്ബാസ് ഫിർസെ എന്നീ വെബ്സീരീസുകളുടെ ക്രിയേറ്റീവ് പ്രൊഡ്യൂസറായിരുന്നു. ജൂലായ് 31നാണ് ലിവർ സിറോസിസ് മൂർച്ഛിച്ചതിനെ തുടർന്ന് നിഷികാന്തിനെ ഹൈദരാബാദിലെ ഗാചിബവ്‌ലിയിലെ എ.ജി.ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.