മിൻസ്: ബെലാറസിലെ പ്രക്ഷോഭത്തെ തുടർന്ന് താൻ അധികാരം പങ്കുവയ്ക്കാൻ തയാറാണെന്ന് അറിയിച്ച് പ്രസിഡന്റ് ലുക്കാഷെങ്കോ. എന്നാൽ, അത് പ്രതിഷേധക്കാരെ ഭയന്നല്ലെന്നും ലുക്കാഷെങ്കോ പറയുന്നു. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് രാജ്യം വിടേണ്ടി വന്ന എതിർപാർട്ടി നേതാവായ സ്വെറ്റ്‌ലാന താൻ അധികാരം ഏറ്റെടുക്കാൻ തയാറാണെന്ന് അറിയിച്ച് കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ഇതേ തുടർന്നാണ് ലുകാഷെങ്കോയുടെ പുതിയ പ്രസ്താവന. അതിനായി നിയമം പൊളിച്ചെഴുതുമെന്നും പ്രസിഡന്റ് പറയുന്നു. കഴിഞ്ഞ ദിവസം ഒരു ഫാക്ടറി സന്ദർശന വേളയിൽ ലുകാഷെങ്കോയ്ക്ക് കടുത്ത എതിർപ്പ് നേരിടേണ്ടി വന്നിരുന്നു. എന്തു സംഭവിച്ചാലും തന്റെ മരണം വരെ ഇനി ഒരു തെരഞ്ഞെടുപ്പ് ബലാറസിൽ ഉണ്ടാകില്ലെന്ന് പാർട്ടി അണികളെ അറിയിച്ചിരിക്കുകയാണ് ലുകാഷെങ്കോ. 26 വർഷം നീണ്ട ലൂക്കാഷെങ്കോ ഭരണത്തിനെതിരെ കഴിഞ്ഞ ഒരാഴ്ചയായി ജനങ്ങൾ തെരുവിലിറങ്ങി പ്രക്ഷോഭം നടത്തുകയാണ്. ആഗസ്റ്റ് ആദ്യം നടന്ന തെരഞ്ഞെടുപ്പിൽ 80 ശതമാനം വോട്ടു നേടി ലുക്കാഷെങ്കോ വിജയിച്ചതോടെയാണ് പ്രക്ഷോഭകർ തെരുവിലിറങ്ങിയത്. പൊലീസും പൊതുജനങ്ങളുമായുണ്ടായ ഏറ്റുമുട്ടലിൽ നിരവധിപേർക്ക് പരിക്കേറ്റിരുന്നു.