mala

ക്വാലാലംപൂർ: വിയറ്റ്നാം സ്വദേശിയായ മത്സ്യത്തൊഴിലാളിയെ മലേഷ്യൻ കോസ്റ്റ് ഗാർഡ് പൊലീസ് വെടിവച്ചു കൊന്നു. സൗത്ത് ചൈന കടലിൽ മലേഷ്യൻ പരിധിയിലാണ് സംഭവം. വിയറ്റ്നാം മത്സ്യബോട്ടുകൾ തങ്ങളുടെ വല നശിപ്പിക്കുന്നുവെന്ന മലേഷ്യൻ മത്സ്യത്തൊഴിലാളികളുടെ പരാതിയെ തുടർന്നാണ് കോസ്റ്റ് ഗാർഡ് പട്രോളിംഗ് ശക്തമാക്കിയത്. തുടർന്ന് രണ്ട് വിയറ്റ്നാം മത്സ്യബോട്ടുകൾ അതിർത്തി കടന്നെത്തുന്നത് കണ്ട് മുന്നറിയിപ്പ് നൽകിയെങ്കിലും അവർ അത് അവഗണിച്ചതാണ് വെടിവയ്പ്പിൽ കലാശിച്ചതെന്നാണ് മലേഷ്യ നൽകുന്ന വിശദീകരണം. ഇരുപതു പേരടങ്ങുന്ന സംഘം കോസ്റ്റ് ഗാർഡിനു നേരെ പെട്രോൾ ബോട്ടിലുകൾ കത്തിച്ച് വലിച്ചെറിയാൻ തുടങ്ങിയതോടെയാണ് വെടിവയ്ക്കേണ്ടി വന്നതെന്നും ഉദ്യോഗസ്ഥർ പറയുന്നു. വെടിവയ്പ്പിൽ പരിക്കേറ്റ മത്സ്യത്തൊഴിലാളിയെ കരയിൽ എത്തിച്ചപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു. ബ്രൂണി, മലേഷ്യ, ഫിലിപ്പൈൻസ്, തായ്‌വാൻ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങൾ എപ്പോഴും സമുദ്രാർത്തി സംബന്ധിച്ച് സംഘർഷമുണ്ടാക്കുന്ന സ്ഥലത്താണ് വെടിവയ്പ്പും നടന്നത്. മരിച്ചയാളുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.