വാഷിംഗ്ടൺ: ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നുവെന്ന് ലോകാരോഗ്യസംഘടന. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 2,94000 പേർ രോഗികളായി.
രോഗവ്യാപനത്തിലും മരണത്തിലും ലോകത്ത് ഒന്നാമതായ അമേരിക്കയിൽ 35,000ത്തിലധികം പേർ പ്രതിദിനം രോഗികളാകുന്നുണ്ട്. ബ്രസീലിൽ ഇത് ഇരുപത്തി രണ്ടായിരമാണ്. ബ്രസീലിലും മെക്സിക്കോയിലും അഞ്ചൂറിന് മുകളിൽ മരണമാണ് ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്നത്. റഷ്യയിലും ഇന്ത്യയിലും മരണനിരക്ക് താരതമ്യേന കുറവാണ്.
അതേസമയം, ലെബനനിൽ രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ബെയ്റൂട്ട് സ്ഫോടനത്തിന് ശേഷം കൊവിഡ് കേസുകൾ വർദ്ധിച്ച സാഹചര്യത്തിലാണ് തീരുമാനം. ന്യൂസിലാൻഡിൽ ഇന്നലെ ഒൻപത് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യത്ത് തെരഞ്ഞെടുപ്പ് മാറ്റി വച്ചിരുന്നു. നിലവിൽ തെരഞ്ഞെടുപ്പ് ഒക്ടോബർ 17ന് നടക്കുമെന്നാണ് വിവരം.
ഹോങ്കോംഗിൽ മൂന്നാം ഘട്ട വ്യാപനം ശമനമില്ലാതെ തുടരുന്നു. ഇന്നലെ 44 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് സാമൂഹിക അകല നിയന്ത്രണങ്ങൾ ശക്തമാക്കി.
മലേഷ്യയും സിംഗപ്പൂരും ബിസിനസ് ആവശ്യങ്ങൾക്കായി അതിർത്തികൾ തുറക്കും. ഘാന അടുത്ത മാസം മുതൽ വിമാന സർവീസ് പുനഃരാരംഭിക്കും.
ചൈനയുടെ കൊവിഡ് വാക്സിന് പേറ്റന്റ്
ബീജിംഗ്: ചൈനീസ് വാക്സിൻ നിർമ്മാതാക്കളായ കാൻസിനോ വികസിപ്പിച്ചെടുത്ത ചൈനയുടെ ആദ്യ കൊവിഡ് വാക്സിൻ എഡി 5- എൻകോവിന് സർക്കാരിൻറെ പേറ്റന്റ്.
മാർച്ച് 18ന് കമ്പനി നൽകിയ അപേക്ഷ പരിഗണിച്ച് ചൈനീസ് സർക്കാർ ഏജൻസി 11ന് പേറ്റന്റ് നൽകിയെന്നാണ് റിപ്പോർട്ട്.
സാധാരണ ജലദോഷപ്പനിയുണ്ടാക്കുന്ന വൈറസിൽ കൊറോണയുടെ ജനിതകഘടകം കൂടിച്ചേർത്ത് മനുഷ്യശരീരത്തിൽ കുത്തിവച്ചാണ് വാക്സിൻ ഉത്പാദിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. ഇതേ മാർഗം തന്നെയാണ് ഓക്സ്ഫോർഡ് സർവകലാശാലയും ബ്രിട്ടീഷ് കമ്പനിയായ ആസ്ട്രസെനക്കയും ചേർന്ന് വികസിപ്പിക്കുന്ന വാക്സിനിലും ഉപയോഗിച്ചിരിക്കുന്നത്. ഈ വാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം ഇന്ത്യയിലുൾപ്പെടെ നടക്കുന്നുണ്ട്. ഇരു വാക്സിനുകളും ശരീരത്തിൽ പ്രതിരോധശേഷിയുണ്ടാക്കുന്ന ആന്റിബോഡികളും ടി സെല്ലുകളും ഉത്പാദിപ്പിച്ചതായാണ് റിപ്പോർട്ട്. ഗുരുതരമായ പാർശ്വഫലങ്ങൾ സൃഷ്ടിച്ചിട്ടുമില്ല.
ആദ്യമായി മനുഷ്യരിൽ പരീക്ഷണം തുടങ്ങിയ ചൈനയുടെ പരീക്ഷണ വാക്സിൻ കാൻസിനോയുടേതായിരുന്നു. അതേസമയം, രോഗത്തിനെതിരെ പ്രതിരോധശേഷി തെളിയിക്കാനുള്ള മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാക്കുന്നതിനു മുൻപു തന്നെ ചൈനീസ് സൈന്യത്തിന് വാക്സിൻ വിതരണം ചെയ്യാൻ സർക്കാർ അനുമതി നൽകിയത്രേ. കാൻസിനോ വാക്സിന്റെ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണം ഈ മാസം ആരംഭിക്കുമെന്ന് സൗദി അറേബ്യയും വ്യക്തമാക്കിയിരുന്നു. ബ്രസീൽ, ചിലി എന്നിവിടങ്ങളിലും മൂന്നാംഘട്ട പരീക്ഷണം നടത്താനായി ചർച്ചകൾ നടത്തുകയാണ് ചൈന. അതേസമയം,
ചൈനീസ് കമ്പനിയായ സിനോവാക് ബയോടെക്, ചൈനയുടെ നാഷണൽ ഫാർമസ്യൂട്ടിക്കൽ ഗ്രൂപ്പിന്റെ ഭാഗമായ സിനോഫാം എന്നിവർ ഉത്പാദിപ്പിച്ച വാക്സിനുകളുടെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം വിദേശത്തു നടത്താൻ അനുമതി നൽകിയിട്ടുണ്ട്.
കൊവിഡ് മീറ്റർ
ലോകത്താകെ രോഗികൾ - 21,852,109
മരണം - 773,586
രോഗവിമുക്തർ - 14,575,652
രാജ്യം - രോഗികൾ -മരണം
അമേരിക്ക - 5,567,765 - 173,139
ബ്രസീൽ - 3,340,197 - 107,879
ഇന്ത്യ - 2,651,290 - 51,079
റഷ്യ - 927,745 - 15,740