india-hockey

ബംഗ്ളുരു : കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിലായിരുന്ന ആറ് ഇന്ത്യൻ ഹോക്കി താരങ്ങളും ആശുപത്രി വിട്ടു. നായകൻ മൻപ്രീത് സിംഗ്, മൻദീപ് സിംഗ്,ജസ്കരൺ സിംഗ്,സുരേന്ദർ കുമാർ,വരുൺ കുമാർ,ക്രിഷൻ ബഹാദൂർ പഥക് എന്നിവരാണ് ആശുപത്രി വിട്ടത്. ഇവർക്ക് രോഗലക്ഷണങ്ങൾ ഇല്ലായിരുന്നെങ്കിലും മൻപ്രീതിന്റെ രക്തത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതിനാൽ ആദ്യം ആശുപത്രിയിലേക്ക് മാറ്റി. പിന്നാലെ മുൻകരുതലായി മറ്റുള്ളവരെയും ആശുപത്രിയിലാക്കി. രണ്ട് തവണ നെഗറ്റീവായതിനാലാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.

ലോക്ക്ഡൗൺ സമയത്ത് ബംഗളുരുവിലെ സായ് സെന്ററിൽ നടന്ന ക്യാമ്പിലായിരുന്ന താരങ്ങൾ ഇടവേളയിൽ വീടുകളിലേക്ക് പോയി മടങ്ങിയെത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. മലയാളി താരം ശ്രീജേഷ് ഉൾപ്പടെയുള്ളവർ പങ്കെടുക്കുന്ന ക്യാമ്പിന്റെ രണ്ടാം ഘട്ടം നാളെ ആ‌രംഭിക്കും.