കൊളോൺ : ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി സ്പാനിഷ് ക്ലബ് സെവിയ്യ യൂറോപ്പ ലീഗ് ഫുട്ബാളിന്റെ സെമി ഫൈനലിലെത്തി. ഒൻപതാം മിനിട്ടിൽ ബ്രൂണോ ഫെർണാണ്ടസിന്റെ പെനാൽറ്റിയിലൂടെ മുന്നിലെത്തിയിരുന്ന യുണൈറ്റഡിനെ 26-ാം മിനിട്ടിൽ സുസോയും 78-ാം മിനിട്ടിൽ ലുക്ക് ഡി ജോംഗും നേടിയ ഗോളുകൾക്കാണ് സെവിയ്യ കീഴടക്കിയത്. ഇന്റർ മിലാനും ഷാക്തർ ഡോണെസ്കും തമ്മിൽ നടക്കുന്ന രണ്ടാം സെമിയിലെ ജേതാക്കളെയാണ് ഫൈനലിൽ സെവിയ്യ നേരിടേണ്ടത്.
മത്സരത്തിന്റെ തുടക്കത്തിൽതന്നെ മുന്നിലെത്തിയിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡുയർത്താൻ ലഭിച്ച നിരവധി അവസരങ്ങൾ പാഴാക്കിയ ശേഷമാണ് തോൽവി ഏറ്റുവാങ്ങിയത്. പ്രീ ക്വാർട്ടറിലും ക്വാർട്ടർ ഫൈനലിലും കഷ്ടിച്ച് വിജയിച്ചിരുന്ന ഇംഗ്ളീഷ് ക്ളബ് ആ പാഠങ്ങളിൽ നിന്ന് ഒന്നും പഠിച്ചില്ലെന്നതിന് തെളിവായിരുന്നു സെമിയിലെ പ്രകടനം. അന്തോണി മാർഷൽ,റാഷ്ഫോർഡ്, ഗ്രീൻ വുഡ്,ബ്രൂണോ തുടങ്ങിയവരുടെ നിരവധി ശ്രമങ്ങളാണ് പാഴായിപ്പോയത്.
ഒൻപതാം മിനിട്ടിൽ റാഷ്ഫോഡിനെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി കിക്കാണ് ബ്രൂണോ ഗോളാക്കി മാറ്റിയത്. തൊട്ടുപിന്നാലെ സെവിയ്യ പെനാൽറ്റിക്കായി അപ്പീൽ ചെയ്തെങ്കിലും റഫറി അനുവദിച്ചില്ല.26-ാം മിനിട്ടിൽ റെഗുലിയന്റെ പാസിൽ നിന്നാണ് സുസോ സെവിയ്യയെ സമനിലയിലെത്തിച്ചത്.78-ാം മിനിട്ടിൽ ജീസസ് നവാസിന്റെ പാസിൽ നിന്ന് ഡി ജോംഗ് വിജയഗോളും നേടി.