drone

ന്യൂഡൽഹി: ജമ്മു കാശ്മീരിലെ നിയന്ത്രണരേഖയ്ക്ക് സമീപം ചൈനീസ് ഡ്രോണുകൾ വിന്യസിക്കാൻ പാകിസ്ഥാൻ ശ്രമിക്കുന്നതായി ഇന്റലിജൻസ് റിപ്പോ‌ർട്ട്. ചൈനീസ് ഡ്രോണായ സെയ് ഹോംഗ്-4 ( സി.എച്ച്-4) ന്റെ നിരവധി യൂണിറ്റുകൾ പാകിസ്ഥാൻ ഓർഡർ ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഡ്രോണുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് പാക് ബ്രിഗേഡിയർ മുഹമ്മദ് സഫർ ഇഖ്ബാലിന്റെ നേതൃത്വത്തിലുള്ള 10 അംഗ സംഘം ചൈനയിലെത്തിയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

എയ്‌റോസ്‌പേസ് ലോംഗ് മാർച്ച് ഇന്റർനാഷണൽ ട്രേഡ് കമ്പനിയിൽ നിന്നാണ് പാക് സൈന്യം ഡ്രോണുകൾ വാങ്ങുന്നത്. ഈ വർഷം തന്നെ ഡ്രോണുകൾ പാക് സൈന്യത്തിന് ലഭ്യമായേക്കും.

സി.എച്ച് -4 ഡ്രോണുകൾക്ക് കുറഞ്ഞത് 1,300 കിലോയോളം ഭാരമുള്ള പേലോഡുകൾ വഹിക്കാനാകും.

അതേസമയം, അഫ്ഗാനിസ്ഥാനിലെ രഹസ്യകേന്ദ്രത്തിൽ പാക് സൈന്യം താലിബാൻ ഭീകരർക്ക് പ്രത്യേക ആയുധ പരിശീലനം നൽകുന്നുണ്ടെന്നും ജമ്മുകാശ്മീരിലെ സുരക്ഷാ സേനയ്ക്കെതിരായ ആക്രമണത്തിൽ ഇത്തരത്തിൽ പരിശീലനം നൽകിയവരെ പാക് സൈന്യം ഉപയോഗിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.