champions-league

ലിസ്ബൺ : യുവേഫാ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിന്റെ ആദ്യ സെമി ഫൈനലിൽ ഇന്ന് ജർമ്മൻ ക്ളബ് ആർ.ബി ലെയ്പ്സിഗും ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജിയും ഏറ്റുമുട്ടും.ഇന്ത്യൻ സമയം രാത്രി 12.30നാണ് കിക്കോഫ്. സോണി സിക്സ് ചാനലിൽ ലൈവായി കാണാം.

ക്വാർട്ടർ ഫൈനലിൽ ഇറ്റാലിയൻ ക്ളബ് അറ്റലാന്റയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കിയാണ് പാരീസിന്റെ വരവ്. അവസാന നിമിഷം വരെ പിന്നിട്ടുനിന്ന പി.എസ്.ജി ഇൻജുറി ടൈമിലെ 142 സെക്കൻഡിനിടയിലാണ് രണ്ട് ഗോളുകൾ തിരിച്ചടിച്ചത്. മാർഖീഞ്ഞോസും ചോപ്പോ മോട്ടിംഗുമായിരുന്നു സ്കോററർമാർ.25 വർഷത്തിന് ശേഷമാണ് പാരീസ് എസ്.ജി ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ എത്തിയിരിക്കുന്നത്. സൂപ്പർ താരങ്ങളായ നെയ്മർ, കിലിയാൻ എംബാപ്പെ, മൗറോ ഇക്കാർഡി,സരാബിയ ,കിംബപ്പെ,തിയാഗോ സിൽവ, ഗോളി കെയ്ലർ നവാസ് തുടങ്ങിയവരാണ് പാരീസ് നിരയിൽ അണിനിരക്കുന്നത്.

രൂപം കൊണ്ട് 11 വർഷത്തിനിടയിൽ ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിലെത്തി അതിശയിപ്പിച്ചിരിക്കുന്ന ക്ളബാണ് ആർ.ബി ലെയ്പ്സിഗ്. ക്വാർട്ടർ ഫൈനലിൽ സ്നാനിഷ് ക്ളബ് അത്‌ലറ്റിക്കോ മാഡ്രിഡിനെ അട്ടിമറിച്ചാണ് അവർ സെമിയിലെത്തുന്നത്. യൂറോപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ കോച്ചായ യൂലിയൻ നഗേൽസ്മൻ പരിശീലിപ്പിക്കുന്ന ലെയ്പ്സിഗ് നാലുവർഷം മുമ്പാണ് ജർമ്മൻ ബുണ്ടസ് ലിഗയിൽ കളിക്കാൻ പോലും യോഗ്യത നേടുന്നത്. ഒാൾമോ,പോൾസൻ,സാബിസർ,ഉപമെക്കാനോ തുടങ്ങിയവരാണ് പ്രമുഖ താരങ്ങൾ.

ടി വി ലൈവ് : രാത്രി 12.30 മുതൽ സോണി സിക്സിൽ