തിരുവനന്തപുരം: തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് കൊവിഡ് സാഹചര്യം അതിരൂക്ഷമായി തന്നെ തുടരുകയാണ്. ഇന്ന് ജില്ലയിൽ 461 പേർക്കാണ് കൊവിഡ് രോഗം വന്നതായി സ്ഥിരീകരിച്ചത്. ഇതിൽ 435 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്. അതേസമയം, ഇന്ന് ജില്ലയിൽ 270 പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്നലെ ജില്ലയിലെ രോഗബാധിതരുടെ എണ്ണം 500ന് മുകളിലായിരുന്നു എന്നതും ആശങ്കയേറ്റുന്ന കാര്യമാണ്. സംസ്ഥാന സർക്കാരിന്റെ കൊവിഡ് ഡാഷ്ബോർഡ് നൽകുന്ന വിവരപ്രകാരം നിലവിൽ ജില്ലയിൽ ചികിത്സയിലിരിക്കുന്ന രോഗികളുടെ എണ്ണം 4000ലേക്കാണ് അടുക്കുന്നത്. 34 പേരാണ് ഇതുവരെ ജില്ലയിൽ രോഗംമൂലം മരണപ്പെട്ടത്.
സംസ്ഥാനത്ത് ഇന്ന് 1725 പേർക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 1572 പേർക്കാണ്. ഇവരിൽ രോഗ ഉറവിടം വ്യക്തമല്ലാത്തത് 94 പേരുടേതാണ്. വിദേശത്ത് നിന്നും വന്നവരിൽ രോഗം സ്ഥിരീകരിച്ചത് 45 പേർക്കാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ 75, രോഗം ബാധിച്ച് ഇന്ന് 13 പേർ മരണമടഞ്ഞതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു.