riot

ബെംഗളൂരു: ബെംഗളൂരുവിൽ നടന്ന കലാപത്തിനിടെ പൊതു - സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കപ്പെട്ടതിന്റെ നഷ്ടപരിഹാരം അക്രമികളിൽ നിന്നുതന്നെ ഈടാക്കുമെന്ന് മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ അറിയിച്ചു.

ഇതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് ക്ലെയിം കമ്മിഷണറെ നിയമിക്കുന്നതിനായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിക്കും.

കേസുകളുടെ വിചാരണ അതിവേഗം പൂർത്തിയാക്കാൻ മൂന്ന് സ്‌പെഷ്യൽ പ്രോസിക്യൂട്ടർമാരെ നിയമിക്കും. അക്രമികൾക്കെതിരെ യു.എ.പി.എ നിയമവും ആവശ്യമെങ്കിൽ ഗുണ്ടാ ആക്ടും ചുമത്തുമെന്നും യെദ്യൂരപ്പ ട്വീറ്റ് ചെയ്തു.

അതിനിടെ, ഡി.ജെ ഹള്ളിയിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സമിയുദ്ദീൻ എന്നയാളെക്കൂടി അറസ്റ്റു ചെയ്തെന്ന് ജോയിന്റ് കമ്മിഷണർ സന്ദീപ് പാട്ടീൽ പറഞ്ഞു. ഇതുവരെ 340 അറസ്റ്റിലായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.ആർ.എസ്.എസ് പ്രവർത്തകൻ രുദ്രേഷിന്റെ കൊലപാതകവുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ഡി.ജെ ഹള്ളി, കെ.ജി ഹള്ളി പ്രദേശങ്ങളിൽ 144, 18 വരെ നീട്ടി.