stay-fit

തിരുവനന്തപുരം : കൊവിഡിൽപ്പെട്ട് സ്കൂളുകൾ അടച്ചിട്ടതോടെ വീട്ടിലിരിപ്പായ കുട്ടികളെ കായിക പരിശീലനത്തിന്റെ വഴിയിലേക്ക് തിരികെക്കൊണ്ടുവരാൻ തുടങ്ങിയ ഒാൺലൈൻ പ്രോഗ്രാം ' സ്റ്റേ ഫിറ്റ് ' സൂപ്പർ ഹിറ്റായതോടെ മുതിർന്ന പൗരന്മാരെയും വ്യായാമം ചെയ്യിക്കാനുള്ള പദ്ധതി തയ്യാറാക്കി കേരള ഒളിമ്പിക് അസോസിയേഷൻ. ഒളിമ്പിക് വേവ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ 45 വയസിന് മുകളിൽ പ്രായമുള്ളവരുടെ ദൈനം ദിന വ്യായാമ മുറകൾക്ക് ശാസ്ത്രീയ അടിത്തറ നൽകുകയാണ് ലക്ഷ്യമിടുന്നത്.

ഈ മാസമാദ്യമാണ് സായ് എൽ.എൻ.സി.പി.ഇയുമായും സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെന്റുകളുമായി സഹകരിച്ച് 'സ്റ്റേ ഫിറ്റ് ' എന്ന പേരിൽ ഒന്നുമുതൽ 12 വരെ ക്ളാസുകളിലുള്ള കുട്ടികൾക്കായി സൗജന്യ ഒാൺലൈൻ കായിക വിദ്യാഭ്യാസ പദ്ധതി യുടൂബിൽ ആരംഭിച്ചത്. ചുരുങ്ങിയ ദിവസം കൊണ്ട് അഞ്ചു ലക്ഷത്തോളം കാഴ്ചക്കാരെയാണ് പദ്ധതി ആകർഷിച്ചത്.

മുക്കാൽ മണിക്കൂറോളം നീളുന്ന പരിപാടിയിൽ ലളിതമായ വ്യായാമമുറകളുടെ വിശദമായ ചിത്രീകരണം, വിവിധ കായിക ഇനങ്ങളെക്കുറിച്ചുള്ള ലഘുവിവരണങ്ങൾ , പ്രശസ്ത കായിക താരങ്ങളുടെ സന്ദേശങ്ങൾ, ഹെൽത്ത് ടിപ്സ് തുടങ്ങിയവ ദിവസവും ഉൾപ്പെടുത്തുന്നു. കാര്യവട്ടം എൽ.എൻ.സി.പി.ഇയിലെ കായിക പരിശീലകരുടെ നേതൃത്വത്തിലാണ് ഡെമോൺസ്ട്രേഷൻ നടക്കുന്നത്.

സ്റ്റേ ഫിറ്റ് സൂപ്പർ ഹിറ്റായ സാഹചര്യത്തിലാണ് മുതർന്നവർക്ക് വേണ്ടിയുള്ള വ്യായാമ പദ്ധതിയിലേക്ക് ഒളിമ്പിക് അസോസിയേഷൻ കടന്നത്. നിലവിൽ ജോഗിംഗ് ,സ്വിമ്മിംഗ് സൈക്ളിംഗ് വ്യായാമങ്ങൾ ചെയ്യുന്നവരെ കൂട്ടിയിണക്കിയാണ് പദ്ധതി. ഇപ്പോൾ നിലവിലുള്ള വാക്കേഴ്സ് ക്ളബുകളെ ജില്ലാ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്യിക്കുകയാണ് ആദ്യപടി. പിന്നീട് ഇവരിലേക്ക് പ്രായത്തിന് അനുസരിച്ചുള്ള വ്യായാമ പദ്ധതി ഒാൺലൈനായി എത്തിക്കും.

ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ സ്റ്റേ ഫിറ്റിന് ലഭിച്ച പിന്തുണയാണ് ഇനിയുമേറെ കാര്യങ്ങൾ ചെയ്യാൻ ഒളിമ്പിക് അസോസിയേഷന് പ്രേരണയായത്. സമൂഹത്തിന് ഗുണപരമായ രീതിയിൽ ആരോഗ്യസംരക്ഷണത്തിന് ഒരു മികച്ച മാതൃക സൃഷ്ടിക്കാൻ 'ഒളിമ്പിക് വേവ് ' പദ്ധതിക്ക് കഴിയും.

- വി.സുനിൽ കുമാർ

പ്രസിഡന്റ് , കേരള ഒളിമ്പിക് അസോസിയേഷൻ