അപകടത്തെ തുടർന്ന് തന്റെ ഒരു കാൽ
നഷ്ടമായിട്ടും തളരാതെ നൃത്തവേദിയിലും
സിനിമയിലും തിളങ്ങി നിന്ന ബഹുഭാഷാതാരം
സുധചന്ദ്രൻ മനസു തുറക്കുന്നു
മുപ്പത്തിയഞ്ചുവർഷങ്ങൾക്കു മുൻപ് 'മയൂരി' എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സുധചന്ദ്രൻ സിനിമയിൽ എത്തിയത്. സുധയുടെ ജീവിത കഥ തന്നെയായിരുന്നു മയൂരി പറഞ്ഞത്. മലയാളം,തമിഴ് ഭാഷകളിലേക്ക് ഡബ്ബ് ചെയ്ത മയൂരി വൻ ഹിറ്റായ ചിത്രമാണ്.
'ഞാനൊട്ടും ബോൾഡായിരുന്നില്ല. പക്ഷേ സാഹചര്യവും പരിമിതികളും അങ്ങനെയാക്കിത്തീർത്തു. ഒരു അപകടം സംഭവിച്ചപ്പോൾ അതിനെ മറികടക്കാൻ ഒരു പോസിറ്റീവ് എനർജി കിട്ടി. അത്രമാത്രം. എപ്പോഴും ബോൾഡാണെന്നൊന്നും പറയില്ല. എന്നെക്കൊണ്ട് എന്തെങ്കിലും ഒരു കാര്യം ചെയ്യാൻ പറ്റില്ലെന്ന് ആരെങ്കിലും പറഞ്ഞാൽ കഴിവിന്റെ പരമാവധി അത് ചെയ്യാൻ ശ്രമിക്കും."സുധചന്ദ്രൻ പറഞ്ഞു തുടങ്ങി.
നൃത്തത്തോട് ഇഷ്ടം ചെറുപ്പത്തിലേ ഉണ്ടായിരുന്നോ?
എന്നെ നൃത്തം പഠിപ്പിക്കണമെന്നത് അമ്മയുടെ താത്പര്യമായിരുന്നു . മൂന്നു വയസ് മുതൽ നൃത്തവിദ്യാലയത്തിൽ ചേർത്തു. ഡോക്ടറാകണോ ഡാൻസറാകണോ എന്നൊക്കെ ആ പ്രായത്തിൽ സ്വയം തീരുമാനിക്കാനാവില്ലല്ലോ. പതുക്കെ നൃത്തത്തിൽ താത്പര്യമുണ്ടായി.
അപകടത്തെക്കുറിച്ച് ഓർക്കാറുണ്ടോ?
അത്ര വലിയ ഇമോഷൻസൊന്നും ഇല്ല. അതുകഴിഞ്ഞിട്ട് എത്രയോ വർഷമായി. ആ അപകടം ഒരു അനുഗ്രഹമായിത്തീർന്നെന്ന് ഞാൻ പറയും. അല്ലെങ്കിൽ എനിക്കിത്ര പോപ്പുലാരിറ്റി കിട്ടില്ലായിരുന്നു.
അപകടത്തിനു ശേഷം?
ആ സമയത്ത് ആളുകൾ പറഞ്ഞത് സുധയ് ക്ക് ഇനി ഡാൻസ് ചെയ്യാൻ കഴിയില്ലെന്നാണ്. എങ്കിൽ പിന്നെ അത് ചെയ്തു കാണിക്കണമെന്ന് വാശിയായി. കൃത്രിമ കാൽ വച്ച് വിദ്യാഭ്യാസം പൂർത്തിയാക്കാം. പക്ഷേ, ഡാൻസ് അങ്ങനെയല്ല.കാൽ നഷ്ടപ്പെട്ട് ആറു മാസം കഴിഞ്ഞാണ് ഡോ. സേഥിയുടെ ജയ് പൂർ കാലുകളെക്കുറിച്ച് അറിഞ്ഞത്. ഞങ്ങൾ അദ്ദേഹത്തെ കാണാൻ രാജസ്ഥാനിൽ പോയി. എനിക്ക് വീണ്ടും ഡാൻസ് ചെയ്യണമെന്ന് അദ്ദേഹത്തോട് പറഞ്ഞു. തീർച്ചയായും ചെയ്യാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി . കൃത്രിമക്കാൽ വച്ച് നൃത്തം ചെയ്യുമ്പോൾ അസഹനീയമായ വേദനയുണ്ടായിരുന്നു. ചോരയൊക്കെ വരും.നൃത്തത്തിന്റെ ചലനമനുസരിച്ച് കൃത്രിമക്കാലിൽ മാറ്റങ്ങൾ വരുത്താനായി ഡോ. സേഥി ഒരു അസിസ്റ്റന്റിനെ എന്നോടൊപ്പം അയച്ചിരുന്നു. മൂന്നാംവർഷം വീണ്ടും വേദിയിലെത്തി. അത് വൻവിജയമായി. ഡാൻസ് പെർഫോർമൻസ് കണ്ട രാമോജി റാവു 1984ൽ എന്റെ കഥ അവലംബമാക്കി തെലുങ്കിൽ നിർമ്മിച്ച സിനിമയാണ് മയൂരി. സിങ്കിതം ശ്രീനിവാസ റാവുവായിരുന്നു സംവിധായകൻ. മലയാളം ഉൾപ്പെടെ അഞ്ചു ഭാഷകളിലേക്ക് മയൂരി ഡബ്ബ് ചെയ്തു. 'നാച്ചെ മയൂരി' എന്ന പേരിൽ ഹിന്ദിയിൽ റീമേക്ക് ചെയ്തു. എല്ലാം വൻവിജയമായിരുന്നു.
കോസ്റ്റ്യൂമുകളാണ് സുധചന്ദ്രനെ വ്യത്യസ്തയാക്കുന്നത്?
സുധചന്ദ്രൻ എന്നു കേൾക്കുമ്പോൾ കുറെ കോസ്റ്റ്യൂമും ജുവലറിയും പൊട്ടുമൊക്കെയാണ് പ്രേക്ഷകരുടെ മനസിലേക്ക് വരിക. എന്നാൽ നിത്യജീവിതത്തിൽ ഇതൊന്നും ഉപയോഗിക്കാറില്ല. വളരെ സിംപിളാണ്. സീരിയലുകൾക്കായാണ് ഇത്തരം വേഷംകെട്ടലൊക്കെ. മുപ്പതു കൊല്ലം കഴിഞ്ഞില്ലേ ഇൻഡസ്ട്രിയിൽ വന്നിട്ട്. ഓരോ കഥാപാത്രത്തിനും ഏതു കോസ്റ്റ്യൂം വേണമെന്ന് വ്യക്തമായ ധാരണയുണ്ട്. മലയാളത്തിലെ ഒരു റിയാലിറ്റി ഷോയിൽ ജഡ്ജായി വന്നപ്പോൾ പലരും അദ്ഭുതത്തോടെ ചോദിച്ചു, ഏതെങ്കിലും ജഡ്ജ് ഇങ്ങനെയൊക്കെയിരിക്കുമോയെന്ന്. ഇന്നിപ്പോൾ ഏത് സെലിബ്രിറ്റി ജഡ്ജിനെ നോക്കിയാലും വേഷവിധാനം സുധാചന്ദ്രനെ പോലെയാണ്.
കുടുംബത്തിന്റെ പിന്തുണ?
എന്റെ ഫിലോസഫർ, ഗൈഡ്, ബെസ്റ്റ് ഫ്രണ്ട് എല്ലാം അച്ഛനാണ്. ഞാനിന്ന് നല്ലൊരു നിലയിൽ ജീവിക്കുന്നുണ്ടെങ്കിൽ അതിനു കാരണം മാതാപിതാക്കളാണ്. അച്ഛൻ ആക്ടറാണ്. അമ്മ സിംഗറായിരുന്നു. അതിന്റെ ഗുണങ്ങളാണ് എനിക്കു കിട്ടിയത്. അച്ഛന് ബോളിവുഡ് രീതികളിൽ താത്പര്യമില്ല. വലിയ നിലയിൽ ഔദ്യോഗികജീവിതം നയിച്ചെങ്കിലും ടിപ്പിക്കൽ മലയാളിയായി കഴിയുന്നയാളാണ്. ഭർത്താവ് രവികുമാർ ഡാംഗ് പഞ്ചാബിയാണ്. ഒരു ഹിന്ദി സിനിമയുടെ സെറ്റിൽ വച്ച് കണ്ട് ഇഷ്ടപ്പെട്ട് വിവാഹം കഴിച്ചതാണ്. രവിയാണ് എന്റെ ഡാൻസ് അക്കാഡമിയുടെ കാര്യങ്ങൾ നോക്കുന്നത്.