ഹൈദരാബാദ്: ബോളിവുഡ് - മറാത്തി സംവിധായകനും നടനുമായ നിഷികാന്ത് കാമത്ത് അന്തരിച്ചു. 50 വയസായിരുന്നു. കരൾ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ജൂലായ് 31 മുതൽ ഹൈദരാബാദിലെ ഗച്ചിബൗളിയിലുള്ള എ.ഐ.ജി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കരളിൽ അണുബാധ കൂടിയത് മരണത്തിലേക്ക് നയിക്കുകയായിരുന്നു. 2005ൽ ഹവാ ആനേ ദേ എന്ന ചിത്രത്തിൽ അഭിനയിച്ച് കൊണ്ടാണ് ബോളിവുഡിൽ നിഷികാന്ത് ചുവടുറപ്പിക്കുന്നത്. പിന്നീട്, സാത്ച്യ ആട് ഘാരട്ട് എന്ന മറാത്തി സിനിമയ്ക്ക് സഞ്ജയ് സുർക്കാറുമായി ചേർന്ന് കഥ എഴുതി. 2005ൽ ഡോംബിവാലി ഫാസ്റ്റ് എന്ന മറാത്തി ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്.
2008ൽ തന്റെ ആദ്യ ബോളിവുഡ് ചിത്രമായ മുംബയ് മേരി ജാൻ സംവിധാനം ചെയ്തു. ഏറെ നിരൂപക പ്രശംസ പിടിച്ച് പറ്റിയ ഈ ചിത്രത്തിന് നിരവധി പുരസ്കാരങ്ങളും ലഭിച്ചു. മോഹൻലാൽ- ജിത്തു ജോസഫ് കൂട്ടുകെട്ടിലെ സൂപ്പർഹിറ്റ് ചിത്രമായ ദൃശ്യം അതേ പേരിൽ അദ്ദേഹം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തിരുന്നു. ഫോഴ്സ്, റോക്കി ഹാൻഡ്സം, മഡാരി, ലായി ഭാരി എന്നിവയാണ് സംവിധാനം ചെയ്ത മറ്റ് സിനിമകൾ. നടൻ റിതേഷ് ദേശ്മുഖാണ് നിഷികാന്തിന്റെ മരണവിവരം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്.