വാഷിംഗ്ടൺ: ഒരു പ്രാവശ്യം കൊവിഡ് ബാധിതനായ വ്യക്തിയ്ക്ക് രണ്ടാമതും രോഗം വരില്ലെന്ന പഠനവുമായി യു.എസ് സംഘം. കൊവിഡ് 19 രോഗമുക്തി നേടിയ മൂന്ന് പേര് സിയാറ്റിനിൽ നിന്നു പുറപ്പെട്ട മത്സ്യബന്ധന കപ്പലിൽ രോഗം പടർന്നു പിടിക്കുന്നതിനിടെ സംരക്ഷിക്കപ്പെട്ടുവെന്ന് അവകാശപ്പെട്ടാണ് അമേരിക്കൻ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. സിയാറ്റിലിലെ ഫ്രെഡ് ഹച്ച് കാൻസർ റിസർച്ച് സെന്ററിലെയും യു.ഡബ്ളിയുവിലെയും ഗവേഷകരാണ് പഠനത്തിന് പിന്നിൽ.
വെള്ളിയാഴ്ച പ്രിപ്രിന്റ് സെർവർ മെഡ്ആർക്സിവിലാണ് പഠനം പങ്കുവച്ചത്. വീണ്ടും രോഗബാധ ഏൽക്കാതിരിക്കാൻ ആന്റിബോഡികൾ സഹായകരമായിരിക്കുമെന്ന സ്ഥിരീകരണം ശരിവയ്ക്കുന്നതാണ് പുതിയ പഠനം. ഇതിലൂടെ അവർ കൊവിഡില്‍ നിന്നും രക്ഷനേടാനുള്ള പ്രതിരോധശേഷി ആർജ്ജിച്ചെടുക്കുന്നതായാണ് പഠനം നൽകുന്ന സൂചന.
സിയാറ്റിനിൽ നിന്നും പുറപ്പെട്ട കപ്പൽ പുറപ്പെടുന്നതിന് മുമ്പും തിരിച്ചെത്തിയതിന് ശേഷവും നടത്തിയ പരിശോധനകളെ അടിസ്ഥാനമാക്കിയാണ് പഠനം. കടലിൽ 18 ദിവസത്തിനിടെ 122 ക്രൂ അംഗങ്ങളിൽ 104 പേർക്ക് ഒറ്റ ഉറവിടത്തിൽ നിന്നാണ് വൈറസ് ബാധിച്ചത്.