ഉത്തരകാശി: വംശനാശ ഭീഷണി നേരിടുന്ന പറക്കും അണ്ണാനെ രാജ്യത്ത് കണ്ടെത്തി. ഉത്തര കാശിയിലെ ദേശീയോദ്യാനത്തിലാണ് വൂളി ഫ്ലൈയിംഗ് സ്ക്വിറിലിനെ കണ്ടെത്തിയത്. ശരീരം പാരച്യൂട്ടുപോലെയാക്കി പറക്കാൻ കഴിയുമെന്നതാണ് ഈ അണ്ണാന്റെ പ്രത്യേകത. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഉത്തരാഖണ്ഡിലെ ഫോറസ്റ്റ് റിസർച്ച് സെന്റർ നടത്തിയ സർവേയിൽ 13 ഡിവിഷനുകളിൽ മാത്രമാണ് ഇവയുടെ സാന്നിദ്ധ്യം കണ്ടെത്താൻ കഴിഞ്ഞത്. ഇവയ്ക്ക് വംശനാശം സംഭവിച്ചതായി യൂണിയൻ ഫോർ ദ കൺസർവേഷൻ ഒഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സ് കണക്കാക്കിയിരുന്നു.
എന്നാൽ, 1992,1994 വർഷങ്ങളിൽ പാകിസ്ഥാനിലെ ഗിൽജിത് - ബാൾട്ടിസ്ഥാൻ അതിർത്തിയിൽ കണ്ടെത്തിയതോടെ 1996ൽ വംശനാശം സംഭവിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചു. വടക്കൻ പാകിസ്ഥാനിലാണ് ഇവയുടെ സാന്നിദ്ധ്യം കൂടുതലുള്ളത്. 1994വരെ ഇവയെ ജീവനോടെ കണ്ടെത്താൻ ഗവേഷകർക്ക് സാധിച്ചിരുന്നില്ല. കള്ളക്കടത്ത് വിപണിയിൽ ലഭ്യമായിരുന്ന ഏതാനും കുറച്ച് തോലുകളും തലയോടുകളും മാത്രമായിരുന്നു ഗവേഷണങ്ങൾക്ക് അടിസ്ഥാനമാക്കിയിരുന്നതെന്നാണ് ആഗോള പരിസ്ഥിതി സംഘടനയായ വൈൽഡ് ലൈഫ് കൺസർവേഷൻ സൊസൈറ്റിയുടെ പാകിസ്ഥാൻ ഘടകം വിശദീകരിച്ചത്.