dhoni-fan-chacha

മുംബയ് : മഹേന്ദ്ര സിംഗ് ധോണി കളി നിറുത്തിയതിന് പിന്നാലെ താൻ കളികാണലും നിറുത്തിയതായി പ്രഖ്യാപിച്ച് പാകിസ്ഥാൻകാരനായ സൂപ്പർഫാൻ മുഹമ്മദ് ബഷീർ ബൊസായി എന്ന ബഷീർ ചാച്ച. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരവേദികളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്ന ചാച്ച ധോണിയുടെ കടുത്ത ആരാധകൻ കൂടിയായിരുന്നു.ധോണിയുടെ ചിത്രങ്ങളുമേന്തി ഗാലറിയിൽ ആർപ്പുവിളിക്കുന്ന ചാച്ചയ്ക്ക് അതിന്റെ പാകിസ്ഥാനിൽ നിന്ന് ഉയർന്ന ആക്ഷേപങ്ങൾക്ക് കയ്യും കണക്കുമില്ലായിരുന്നു. എവാൽ അതൊന്നും വക വയ്ക്കാതെ അദ്ദേഹം പാകിസ്ഥാന്റെ പതാകയുമണിഞ്ഞ് ധോണിക്ക് ജയ് വിളിച്ചിരുന്നു.

ചിക്കാഗോയിൽ റസ്റ്റോറന്റ് നടത്തുന്ന ബഷീർ ചാച്ച ധോണിയെ നേരിട്ടുകാണാനായാണ് ദീർഘയാത്രകൾ ചെയ്തതിരുന്നത്. മൂന്ന് തവണ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായതൊന്നും അദ്ദേഹത്തെ യാത്രകളിൽ നിന്ന് വിലക്കിയില്ല.കൊവിഡ് കാരണം യു.എ.ഇയിൽ നടക്കുന്ന ഐ.പി.എല്ലിൽ ധോണിയുടെ കളികാണാൻ പോകാനാകാത്തതിന്റെ സങ്കടത്താലാണ് ഇനി സ്റ്റേഡിയങ്ങളിൽ പോയി കളി കാണുന്നത് അവസാനിപ്പിക്കാൻ തന്നെ തീരുമാനിച്ചത്. ഇനി റാഞ്ചിയിൽ ധോണിയുടെ വീട്ടിൽ പോയി നേരിട്ട് കാണാനാണ് പ്ളാൻ.

2011 ലോകകപ്പ് സമയത്താണ് ചാച്ചയും ധോണിയും തമ്മിൽ കൂടുതൽ അടുക്കുന്നത് . അന്ന് മൊഹാലിയിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സെമിഫൈനൽ കാണാൻ ചാച്ചയ്ക്ക് ടിക്കറ്റ് സംഘടിപ്പിച്ചുകൊടുത്തത് ധോണിയാണ്. അന്നുമുതൽ ഇരുവരും നേരിട്ടുള്ള ബന്ധത്തിനും ശക്തി കൂടി.

പിന്നീട് എല്ലാ ലോകകപ്പുകളിലും ഐ.സി.സി ടൂർണമെന്റുകളിലും ചാച്ചയ്ക്ക് ടിക്കറ്റ് സ്പോൺസർ ചെയ്തിരുന്നത് ധോണിയാണ്. താൻ ഒപ്പിട്ട ജഴ്സിയും ബാറ്റുമൊക്കെ പലതവണ ധോണി സമ്മാനിച്ചിട്ടുണ്ട്. 2018 ഏഷ്യാകപ്പിനിടെ ധോണി ചാച്ചയെ ടീം ഹോട്ടലിലെ തന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് ജഴ്സി സമ്മാനിച്ചത്.

ധോണി വിരമിച്ചതോടെ ഞാനും സ്റ്റേഡിയങ്ങൾ തോറുമുള്ള യാത്രകൾ മതിയാക്കുകയാണ്.എല്ലാ കളിക്കാർക്കും ഒരു ദിവസം വിരമിക്കേണ്ടിവരും. പക്ഷേ ധോണിയുടെ വിരമിക്കൽ വാർത്ത വലിയ സങ്കടമാണ് സമ്മാനിച്ചത്. ധോണിയെക്കാണാൻ ഒരു യാത്രകൂടി നടത്തും, റാഞ്ചിയിലെ അദ്ദേഹത്തിന്റെ വീട്ടിലേക്ക്.

- ബഷീർ ചാച്ച