ബീജിംഗ് : ലോകമെമ്പാടും ഇന്ന് കൊവിഡിന് മുന്നിൽ പകച്ച് നിലക്കുകയാണ്. വാക്സിന് വേണ്ടി ശാസ്ത്രലോകം കഠിന പ്രയത്നത്തിലാണ്. ആഘോഷങ്ങളില്ല, ഒത്തുകൂടലുകളില്ല... നാം ഇതുവരെ കണ്ടിട്ടില്ലാത്ത അവസ്ഥ. മാസ്കും സാമൂഹ്യ അകലുമൊന്നുമില്ലാതെ പുറത്തിറങ്ങാൻ പോലും വയ്യ. എന്നാണ് ഇനി എല്ലാം പഴയ പോലെ ആവുക എന്ന് ആലോചിച്ചിട്ട് ഒരു എത്തുംപിടിയുമില്ല. എന്നാൽ കൊവിഡ് 19 ഉത്ഭവിച്ച മദ്ധ്യ ചൈനയിലെ വുഹാൻ നഗരത്തിലെ സ്ഥിതി ഇങ്ങനെയല്ല. അവർ ആഘോഷത്തിലാണ്. മാസ്കില്ല, സാമൂഹ്യ അകലമില്ല. വുഹാനിലെ മായാ ബീച്ച് വാട്ടർപാർക്കിൽ ഒത്തുകൂടുന്ന ആയിരക്കണക്കിന് പേരുടെ ചിത്രങ്ങൾ വൈറലാവുകയാണ്. പാട്ടും ബഹളവുമൊക്കെയായി ഡി.ജെയ്ക്കൊപ്പം ചുവടുവച്ച് വാട്ടർ പാർക്കിൽ നീന്തി ഉല്ലസിച്ച് ആഘോഷിക്കുന്ന വുഹാൻ നിവാസികൾക്കൊന്നും തന്നെ മുഖത്ത് മാസ്കില്ല. സ്വിമ്മിംഗ് പൂളിൽ എല്ലാവരും തിങ്ങി നിറഞ്ഞും.
ഏകദേശം 11 ദശലക്ഷം ജനങ്ങൾ ജീവിക്കുന്ന വുഹാനിൽ 1.10 കോടി പേരാണ് കൊവിഡ് ബാധിതരായതെന്നാണ് കണക്ക്. ആയിരക്കണത്തിന് പേർ മരിക്കുകയും ചെയ്തു. കഴിഞ്ഞ ഏപ്രിലിലാണ് വുഹാനിൽ ലോക്ക്ഡൗൺ നീക്കിയത്. നീണ്ട 76 ദിവസങ്ങൾക്ക് ശേഷം ജൂണിലാണ് വുഹാനിൽ കർശന ലോക്ക്ഡൗണും മറ്റു നിയന്ത്രണങ്ങളും നീക്കി ജനങ്ങൾക്ക് പൂർണമായും തുറന്നു നൽകിയത്. മേയ് പകുതി മുതൽ പിന്നീട് വുഹാൻ ഉൾപ്പെടുന്ന ഹ്യൂബെയ് പ്രവിശ്യയിൽ ആർക്കും സമ്പർക്കത്തിലൂടെ രോഗവും സ്ഥിരീകരിച്ചിരുന്നില്ല.