തിരുവനന്തപുരം: ഒരു അവതാരവും തന്‍റെ ഓഫീസില്‍ ഇടപെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.അത്തരം ഒരു സാഹചര്യവും ഇന്നത്തെ നിലയ്ക്കില്ലെന്നും പിണറായി പറഞ്ഞു. സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.സംഭവം നടക്കാന്‍ പാടില്ലായിരുന്നു. സാധാരണ വഴിയില്‍ അല്ല അത് നടന്നതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്ത വന്നതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വിളിച്ചുവെന്നാണ് പറഞ്ഞത്.എന്നാല്‍ ഞങ്ങളെ വിളിച്ചിട്ടില്ലെന്ന് അന്വേഷണ ഏജന്‍സി തന്നെ പിന്നീട് വ്യക്തമാക്കി. സംഭവം രാഷ്ട്രീയവത്കരിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സഭ ടിവിയുടെ ആദ്യ പരിപാടിയായ 'സെന്‍റര്‍ഹാളില്‍' പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയില്‍ എം.എല്‍.എ വി ഡി സതീശന്‍, മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ തോമസ് ജേക്കബ് എന്നിവർപങ്കെടുത്തു.
സാധാരണ മനുഷ്യന്‍ തന്നെയാണ് താനെന്നും എന്നാല്‍ കര്‍ശനമായി പറയേണ്ട കാര്യങ്ങള്‍ കര്‍ശനമായി തന്നെ പറയും. ഇത്തരത്തില്‍ പറഞ്ഞ കാര്യങ്ങള്‍ പലപ്പോഴും മാദ്ധ്യമങ്ങളില്‍ വന്നപ്പോള്‍ തന്നെ കാര്‍ക്കശ്യക്കാരനായി ചിത്രീകരിച്ചുവെന്നും പിണറായി പറഞ്ഞു. ചിരിക്കുന്ന കാര്യം പറഞ്ഞാല്‍ രണ്ട് തരത്തിലുള്ള മനുഷ്യരുണ്ട്. എന്നും ചിരിച്ചുകൊണ്ടിരിക്കുന്നവരും, ആവശ്യത്തിന് ചിരിക്കുന്നവരും ഇതില്‍ രണ്ടാം വിഭാഗത്തില്‍ വരുന്നതാണ് താനെന്നും പിണറായി പറഞ്ഞു. മുഖ്യമന്ത്രി ഒരു കാര്‍ക്കശ്യക്കാരനാണെന്ന് വി.ഡി സതീശന്‍ എം.എല്‍.എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിലെ മറ്റു മുഖ്യമന്ത്രിമാര്‍ക്ക് നേരിടേണ്ടി വന്നതിനേക്കാള്‍ ദുരന്തങ്ങള്‍ നേരിടേണ്ടി വന്നയാളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് നല്‍കുന്ന പാഠങ്ങള്‍ എന്തൊക്കെ എന്നതായിരുന്നുവെന്നാണ് തോമസ് ജേക്കബിന്റെ ചോദ്യം.ഏത് ദുരന്തത്തെയും നേരിടാനുള്ള ഊര്‍ജ്ജം ലഭിക്കുന്നത് നാട്ടുകാരില്‍ നിന്നാണെന്നും അവര്‍ ഒറ്റക്കെട്ടയാണ് അതിനെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രളയഘട്ടത്തില്‍ മത്സ്യതൊഴിലാളികളും ചെറുപ്പക്കാരും ഇറങ്ങിയത് ഓര്‍ക്കണം. അവിടെ ജാതിയോ മതമോ രാഷ്ട്രീയമോ വിഷയമായില്ലെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. ഇതിന്‍റെ ബലത്തില്‍ എന്തിനെയും നേരിടാം എന്നത് തന്നെയാണ് നല്‍കുന്ന പാഠമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നുള്ള മലയാളികള്‍ക്ക് നാടാണ് അഭയസ്ഥാനം എന്ന് മനസിലാക്കാൻ പോകുന്ന ഒരു കാലമാണ് വരാന്‍ പോകുന്നത്. അതിന് പുറമേ വിദ്യാഭ്യാസ രംഗത്ത് മാറ്റം വരുത്തണം. ഒപ്പം കേരളത്തിലേക്ക് കുട്ടികള്‍ വന്ന് പഠിക്കാനുള്ള സാഹചര്യം ഉണ്ടാക്കണം. കൊവിഡിനെ നേരിടുന്ന സമയത്ത് രോഗ ബാധിതയായ നേഴ്സ് രേഷ്മ പിന്നീട് രോഗം മാറി വീണ്ടും കൊവിഡ് വാര്‍ഡില്‍ ജോലിക്കെത്തിയത് മറക്കാന്‍ കഴിയാത്ത അനുഭവമാണെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. കൊവിഡ് കാലത്തെ ഭരണനയത്തില്‍ വരുത്താൻ പോകുന്ന മാറ്റം സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാര ദല്ലാളന്മാരെ നിയന്ത്രിക്കുന്നതിൽ ജാഗ്രത കുറവുണ്ടായോ എന്ന വി.ഡി സതീശന്റെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെയായിരുന്നു. "എന്‍റെ അനുഭവത്തില്‍ ഇത്തരം അവതാരങ്ങള്‍ തന്‍റെ ഓഫീസില്‍ ഇടപെട്ടിട്ടില്ല. അത്തരം ഒരു സാഹചര്യവും ഇന്നത്തെ നിലയ്ക്കില്ല. സ്വര്‍ണ്ണക്കള്ളക്കടത്ത് സംബന്ധിച്ചാണ് ചോദ്യം, അത് പ്രത്യേക സാഹചര്യമാണ്. അത് നടക്കാന്‍ പാടില്ല.സാധാരണ വഴിയില്‍ അല്ല അത്. ആ വാര്‍ത്ത വന്നതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വിളിച്ചുവെന്നാണ് പറഞ്ഞത്. എന്നാല്‍ ഞങ്ങളെ വിളിച്ചിട്ടില്ലെന്ന് അന്വേഷണ ഏജന്‍സി തന്നെ പറഞ്ഞു. ഇത് പിന്നീട് രാഷ്ട്രീയ വത്കരിക്കുകയായിരുന്നു. അതിന്‍റെ ഭാഗമായി പ്രചരണങ്ങള്‍ നടന്നു. പിന്നീട് വിവാദ വനിതയുമായി ബന്ധമുള്ള സെക്രട്ടറി ശിവശങ്കറിനെ മാറ്റി നിര്‍ത്തി. ഇത് മാത്രമേ ആ ഘട്ടത്തില്‍ ചെയ്യാന്‍ സാധിക്കൂ." മുഖ്യമന്ത്രി പറഞ്ഞു.ഓഫീസിന്‍റെ കാര്യത്തില്‍ തെറ്റായ രീതി ഉണ്ടായിട്ടില്ല. പിന്നീട് ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും അന്വേഷിച്ചപ്പോള്‍ വിവാദ വനിതയുടെ നിയമനത്തില്‍ പ്രശ്നമുണ്ടെന്ന് മനസിലാക്കി. ഇതേതുടർന്നാണ് ശിവശങ്കറിനെ സസ്പെന്‍റ് ചെയ്തത്. മുഖ്യമന്ത്രി വ്യക്തമാക്കി.