ലോകത്തിലെ ഏറ്റവും മികച്ച ചാരസംഘടനകളെന്ന് പൊതുവെ പറഞ്ഞു കേൾക്കാറുള്ളത് അമേരിക്കയുടെ 'സി.ഐ.എ'യെക്കുറിച്ചും ഇസ്രായേലിന്റെ 'മൊസാദി'നെ കുറിച്ചുമാണ്. മുഖ്യധാരാ സാഹിത്യത്തിലും സിനിമയിലും ഈ രണ്ട് സംഘടനകളെയും അവരുടെ ഏജന്റുമാരെക്കുറിച്ചുമുള്ള നിരവധി കഥകളും നിലവിലുണ്ട്. എന്നാൽ ഇന്ത്യയുടെ സ്വന്തം കരുത്തുറ്റ ഇന്റലിൻജൻസ് ഏജൻസിയായ 'ആർ & എ ഡബ്‌ള്യുവിനെ(റീസേർച്ച് ആൻഡ് അനാലിസിസ് വിംഗ്) കുറിച്ച് നമ്മുടെ സാഹിത്യ, സിനിമാ പരിസരങ്ങളിൽ അധികമൊന്നും പറഞ്ഞുകേൾക്കാറില്ല.
അതിനു ഒരൊറ്റ കാരണമേയുള്ളൂ. 'റോ' അതിന്റെ പ്രവർത്തനം ആരംഭിച്ചപ്പോൾ മുതൽ ഇന്ന് വരെയുള്ള യാതൊരു രഹസ്യവും അങ്ങനെ പുറത്തുവിട്ടിട്ടില്ല എന്നതുതന്നെ. സി.ഐ.എ പോലും അതിന്റെ മുൻകാല ഓപ്പറേഷനുകൾ സംബന്ധിച്ച രഹസ്യങ്ങളിൽ പലതും പൊതുജനങ്ങളും മാദ്ധ്യമങ്ങളുമായി പങ്കുവയ്ക്കാൻ തയ്യാറായപ്പോഴും 'റോ' ഇന്ത്യയുടെ സുരക്ഷ കണക്കിലെടുത്ത് അതിനു വിസമ്മതിക്കുകയാണ് ഉണ്ടായത്.
സമാനമായി മേൽപ്പറഞ്ഞ രഹസ്യ ഏജൻസികളോട് കിടപിടിക്കുന്ന ചാര ശൃഖലയാണ് 'റോ'യ്ക്കും അധികമാർക്കും അറിയില്ല. അങ്ങനെ ആരെങ്കിലും ചോദിക്കുന്നതിനുള്ള നേരിയ സാദ്ധ്യത പോലും ഈ ഇന്ത്യൻ ഇന്റലിൻജസ് ഏജൻസി അവശേഷിപ്പിച്ചിരുന്നില്ല എന്നതാണ് സത്യം. എന്നാൽ 'റോ'യുടെ പ്രവർത്തനങ്ങളിലേക്ക് വെളിച്ചം വീശുന്ന ഏതാനും വസ്തുതകൾ യതീഷ് യാദവ് എന്ന മാദ്ധ്യമപ്രവർത്തകൻ തന്റെ 'റോ: എ ഹിസ്റ്ററി ഒഫ് ഇന്ത്യാസ് കോവേർട്ട് ഓപ്പറേഷൻസ്' എന്ന പുസ്തകത്തിലൂടെ ഇപ്പോൾ വെളിപ്പെടുത്തുകയാണ്. ആരും അമ്പരന്ന് പോകുന്ന ചില വസ്തുതകൾ.
നവംബർ, 1988. അന്ന് സോവിയറ്റ് യൂണിയൻ പ്രസിഡന്റായ മിഖായേൽ ഗോർബച്ചേവും അദ്ദേഹത്തിന്റെ വിദേശകാര്യ മന്ത്രി എദ്വാർദ് ഷെവർദ്നാസെയും ഇന്ത്യൻ സന്ദർശനത്തിനായി എത്തിയ സമയം. ഷെവർദ്നാസെയെ അദ്ദേഹത്തിന്റെ ഇളയ സഹോദരൻ 'അലെക്സാൻദ്രെ'യും അനുഗമിച്ചിരുന്നു. വിരുന്നുപരിപാടികൾക്കും സൗഹൃദ സംഭാഷണങ്ങൾക്കുമിടയിൽ ആരോരും ശ്രദ്ധിക്കാതെ ഒരാൾ അലെക്സാൻദ്രെയെ സമീപിക്കുകയും അദ്ദേഹവുമായി പരിചയപ്പെടുകയും ചെയ്തു. 'റോ' ഏജന്റായ അശോക് ഖുറാന.
അനൗദ്യോഗിക സംസാരങ്ങളിൽ നിന്നും ആരംഭിച്ച ഇവരുടെ പരിചയം ഏതാനും മാസങ്ങൾക്കുള്ളിൽ നീണ്ടത് റഷ്യയിലേക്കും റഷ്യയുടെ സുരക്ഷാ രഹസ്യങ്ങളിലേക്കുമായിരുന്നു. അധികം താമസിയാതെ തന്നെ ഒരു റഷ്യൻ യുവതിയെ അലെക്സാൻദ്രെ ഖുറാനയ്ക്ക് പരിചയപ്പെടുത്തി കൊടുത്തു. റഷ്യയുടെ രഹസ്യ ഏജൻസിയായ കെ.ജി.ബിയുടെ സോവിയറ്റാനാന്തര രൂപമായ എഫ്.എസ്.ബിയുടെ ഏറ്റവും ഉന്നത ഉദ്യോഗസ്ഥരുടെ പട്ടികയിൽ പെടുന്ന ഒരാളുടെ കാമുകിയായിരുന്നു 'അനസ്താസിയ കോർക്കിയ' എന്ന് പേരുള്ള ഈ യുവതി.
ക്രമേണ റഷ്യൻ ആണവോർജ പദ്ധതിയുടെ വിവരങ്ങൾ, തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ, ചൈനയെയും പാകിസ്ഥാനെയും സംബന്ധിച്ച അതീവ രഹസ്യമായ വിവരങ്ങൾ എന്നിവ 'റോ'യുടെ ഓഫീസിലെ മേശകളിലേക്ക് ഒഴുകിയെത്തുവാൻ തുടങ്ങി. അധികം വൈകാതെ തന്നെ അനസ്താസിയയും അലെക്സാൻദ്രെയും തങ്ങൾ 'റോ'യുടെ ഏജന്റുമാരായി പ്രവർത്തിക്കാൻ തയ്യാറാണെന്ന് ഖുറാനയെ അറിയിക്കുകയും ചെയ്തു. 'ഓപ്പറേഷൻ അസാലേയ' എന്നാണ് 'റോ' ഈ ദൗത്യത്തിന് പേര് നൽകിയത്. എന്നാൽ ഞെട്ടിപ്പിക്കുന്ന വസ്തുത മറ്റൊന്നാണ്.
അനസ്താസിയയുടെ കാമുകനായ ആ എഫ്.എസ്.ബി ഉന്നതൻ ഇപ്പോഴത്തെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ആണെന്നാണ് പുസ്തകം സൂചിപ്പിക്കുന്നത്. അലെക്സാൻദ്രെയേയും അനസ്താസിയയുടെയും ഇവരുമായി ബന്ധപ്പെടുന്ന ആളുകൾക്കും യാദവ് കോഡ് നാമങ്ങളാണ് പുസ്തകത്തിൽ നൽകിയിരിക്കുന്നത്. എന്നിരുന്നാലും ബുദ്ധിയുള്ള വായനക്കാരന് ഇവർ ആരൊക്കെയാണെന്നും ഇവർ തമ്മിലുള്ള ബന്ധങ്ങൾ എന്തൊക്കെയാണെന്നും മനസിലാക്കാവുന്നതേയുള്ളൂ.
2001ലാണ് 'ഓപ്പറേഷൻ അസാലേയ' റോ ടെർമിനേറ്റ് ചെയ്യുന്നത്. അതേവർഷം ഡിസംബറിൽ ഇന്ത്യൻ പാർലമെന്റ് മന്ദിരം പാകിസ്ഥാനി ഭീകരവാദികളാൽ ആക്രമിക്കപ്പെടുകയും ചെയ്തു. ശേഷം ബെർലിനിൽ വച്ച് വീണ്ടും ഖുറാന അലെക്സാൻദ്രെയെ കണ്ടു. അന്ന് ഒരു കാര്യം മാത്രമാണ് പ്രധാനമായി അലെക്സാൻദ്രെ ഖുറാനയോട് പറഞ്ഞത്. 'ഓപ്പറേഷൻ അസാലേയ ഇപ്പോഴും ആക്റ്റീവ് ആയിരുന്നുവെങ്കിൽ നമുക്ക് ഇന്ത്യൻ പാർലമെന്റിനു മേലുണ്ടായ ആക്രമണം ഒഴിവാക്കാമായിരുന്നു'.