colombia

ബൊഗോറ്റ : കൊളംബിയയിൽ തെക്ക് - പടിഞ്ഞാറൻ നാരീന്യോ പ്രവിശ്യയിലെ സമനീഗോയിൽ ഒരു വീട്ടിൽ സംഘടിപ്പിച്ച പാർട്ടിയ്ക്ക് നേരെ നടന്ന അക്രമി സംഘത്തിന്റെ വെടിവയ്പിൽ 8 പേർ മരിച്ചു. ഏഴ് യുവാക്കളും ഒരു യുവതിയുമാണ് മരിച്ചത്. സംഭവ സമയം 20ഓളം പേരാണ് വീടിനുള്ളിലുണ്ടായിരുന്നത്. അക്രമികൾ ആരാണെന്നോ വെടിവയ്പിന് പിന്നിലെ ഉദ്ദേശമെന്താണെന്നോ വ്യക്തമല്ല. ഇക്വഡോറുമായി അതിർത്തി പങ്കിടുന്ന ഈ മേഖലയിൽ മയക്കുമരുന്ന് മാഫിയയുടെ സാന്നിദ്ധ്യം സജീവമാണ്.

എല്ലാ വർഷവും ഇവിടെ നടക്കേണ്ടിയിരുന്ന മ്യൂസിക് ഫെസ്‌റ്റിവൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചതിനെ തുടർന്നാണ് ഇവർ ഒരു വീട്ടിൽ ചെറിയ പാർട്ടി സംഘടിപ്പിച്ച് ഒത്തുകൂടാൻ തീരുമാനിച്ചത്. വെടിവയ്പിന് മുമ്പ് ചിലർക്ക് ഫോണുകോളുകളിലൂടെയും വാട്സാപ്പിലൂടെയും ഭീഷണി സന്ദേശങ്ങൾ എത്തിയിരുന്നതായി റിപ്പോർട്ടുണ്ട്. മരിച്ചവരെല്ലാം തന്നെ 25ൽ താഴെ പ്രായമുള്ളവരാണ്.

തോക്ക്‌ ധാരികളായ നാല് പേരാണ് ആക്രമണത്തിന് പിന്നിലെന്ന് രക്ഷപ്പെട്ടവർ പറയുന്നു. അതേ സമയം, കുറ്റവാളികളെ പറ്റി വിവരം നൽകുന്നവർക്ക് കൊളംബിയ സർക്കാർ‌ 53,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ചു.