കോട്ടയം: സ്ഥലം സ്വന്തം പേരിലേയ്ക്ക് മാറ്റുന്നതിന് വീട്ടമ്മയിൽ നിന്ന് 90000 രൂപ കൈക്കൂലി വാങ്ങിയ മൂന്നിലവ് വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് പിടിയിൽ. മേലുകാവ് സ്വദേശി റെജി തോമസിനെയാണ് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
അമ്മയുടെ പേരിലുണ്ടായിരുന്ന ഒരു ഏക്കർ 40 സെൻ്റ് സ്ഥലം ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വന്തം പേരിലേയ്ക്ക് മാറ്റുന്നതിന് നാലു വർഷം മുൻപ് മൂന്നിലവ് സ്വദേശിയായ വീട്ടമ്മ അപേക്ഷ നൽകിയിരുന്നു. ഇത് നടത്തിക്കൊടുക്കുന്നതിന് റെജി തോമസ് രണ്ടു ലക്ഷം രൂപയാണ് സുഹൃത്തും ഇടനിലക്കാരനുമായ ജോസ് വഴി ആവശ്യപ്പെട്ടത്. ആദ്യഗഡുവായി 40,000 രൂപ നൽകിയ ശേഷമാണ് നടപടികൾ പൂർത്തിയാക്കിയത്.
തുടർന്ന് ബാക്കി തുകയ്ക്കായി ജോസും റെജിയും നിരന്തരം വീട്ടമ്മയെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. ബാക്കി തിങ്കളാഴ്ച തന്നെ നൽകണമെന്നും ഇല്ലെങ്കിൽ പ്രത്യാഘാതമുണ്ടാകുമെന്നും കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തി. ഇതേ തുടർന്നാണ് വിജിലൻസ് ഡിവൈ.എസ്.പി വി.ജി രവീന്ദ്രനാഥിന് വീട്ടമ്മ പരാതി നൽകിയത്. വിജിലൻസിന്റെ നിർദേശപ്രകാരം ഇന്നലെ പ്രതിയുടെ മേലുകാവ് മറ്റത്തെ വീട്ടിൽ വച്ച് 50000 രൂപ നൽകുന്നതിനിടെയാണ് റെജിയെ പിടികൂടിയത്.