pic

ന്യൂഡൽഹി: പരസ്പര വിശ്വാസം വർദ്ധിപ്പിക്കുന്നതിനും തർക്കങ്ങൾ ഒത്തുതീർപ്പാക്കുന്നതിനും ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി ചെെന. പരസ്പരം ബഹുമാനിച്ച് മുന്നോട്ട് പോകാൻ ഇരുരാജ്യങ്ങൾക്കും ഇതാണ് ഉചിതമായ സമയമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചു. സാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഇന്ത്യൻ സേനയെ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിനോട് പ്രതികരിക്കുകയായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം.

ഇന്ത്യയുടെ അതിർത്തിയിലേക്ക് ലക്ഷ്യം വയ്ക്കുന്നവർക്ക് സായുധസേന അർഹിക്കുന്ന ഭാഷയിൽ മറുപടി നൽകുമെന്നാണ് മോദി പറഞ്ഞിരുന്നത്. ചെെനയുടെ പേരെടുത്ത് പറയാതെ ലഡാക്ക് അതിർത്തി വിഷയങ്ങളെ പറ്റി പരാമർശിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യയുടെ സമഗ്രത ഞങ്ങൾക്ക് പരമപ്രധാനമാണ്. ഞങ്ങൾക്ക് എന്തും ചെയ്യാൻ കഴിയും, നമ്മുടെ സൈനികർക്ക് ചെയ്യാൻ കഴിയുന്നത് എല്ലാവരും ലഡാക്കിൽ കണ്ടതാണെന്നും മോദി പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് ചെെനയുടെ പ്രതികരണം. "പ്രധാനമന്ത്രി മോദിയുടെ പ്രസംഗം ഞങ്ങൾ ശ്രദ്ധിച്ചു. ഞങ്ങൾ അടുത്ത അയൽവാസികളാണ്. ഇരു രാജ്യങ്ങളും ജനസംഖ്യയിൽ ഏറെ മുന്നിലാണ് അതിനാൽ ഇരു രാജ്യങ്ങളുടെയും സമാധാനവും സ്ഥിരതയും ഉറാപ്പാക്കാൻ ഉഭയകക്ഷി ബന്ധം ശക്തമാക്കണം.പരസ്പ്പരം ബഹുമാനിച്ച് മുന്നോട്ട് പോകാൻ ഇരുരാജ്യങ്ങൾക്കും ഇതാണ് ഉചിതമായ സമയം." ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാൻ പറഞ്ഞു.ഉഭയകക്ഷി ബന്ധം സംരക്ഷിക്കുന്നതിനായി ഇന്ത്യയുമായിയോജിച്ച് പ്രവർത്തിക്കാൻ ചൈന തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.