amazone-flipkart

ന്യൂഡല്‍ഹി: കൊവിഡ് കാലത്ത് ഇ കൊമേഴ്‌സ് കമ്പനികള്‍ക്ക് രാജ്യത്ത് റെക്കോര്‍ഡ് വില്‍പ്പന. ആമസോണിനും ഫ്ലിപ്കാര്‍ട്ടിനും ആണ് റെക്കോര്‍ഡ് നേട്ടം. കമ്പനികളുടെ ഈ വര്‍ഷത്തെ ഉത്സവകാല വില്‍പ്പനയില്‍ 40 ശതമാനത്തില്‍ അധികമാണ് വര്‍ധന പ്രതീക്ഷിയ്ക്കുന്നത്.

സ്മാര്‍ട്ട്‌ഫോണുകള്‍, ടെലിവിഷന്‍ സെറ്റുകള്‍, റഫ്രിജറേറ്റുകള്‍ തുടങ്ങി ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ വില്‍പ്പനയില്‍ ആണ് റെക്കോര്‍ഡ് വര്‍ധന പ്രതീക്ഷിയ്ക്കുന്നത്. കൊവിഡ് പ്രതിസന്ധി മൂലം ഇത്തവണ കൂടുതല്‍ പേര്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്താന്‍ ഇടയുള്ളതിനാല്‍ കൂടുതല്‍ ഉത്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കാന്‍ തയ്യാറെടുക്കുകയാണ് കമ്പനികള്‍. മൊബൈല്‍ ഫോണുകളുടെ വില്‍പ്പന ഇരട്ടിയാകും എന്നാണ് പ്രതീക്ഷ. ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെ വില്‍പ്പനയില്‍ 50-60 ശതമാനം വര്‍ധനയാണ് ഇരു കമ്പനികളും പ്രതീക്ഷിയ്ക്കുന്നത്.

ഇ-കൊമേഴ്‌സ് കമ്പനികളുടെ ഉപഭോക്താക്കളില്‍ കൊവിഡ് കാലത്ത് 35-മുതല്‍ 40 ശതമാനം വരെ വര്‍ധനയുണ്ടായിട്ടുണ്ട്. ലോക്ക്ഡൗണ്‍ കാലത്ത് മാത്രം 8,000ത്തോളം പുതിയ സെല്ലര്‍മാരെ ഫ്ലിപ്കാര്‍ട്ട് ഉള്‍പ്പെടുത്തിയിട്ടുണ്ട്. മിക്ക ബ്രാന്‍ഡുകളുടെയും 40-50 ശതമാനം വില്‍പ്പനയും ഉത്സവകാലത്താണ്. നവരാത്രി മുതല്‍ ദീപാവലി വരെയുള്ള കാലയളവിലാണ് ഓണ്‍ലൈന്‍ ഉത്സവകാല വില്‍പ്പന ആരംഭിയ്ക്കുന്നത്.