ന്യൂഡൽഹി:ലോകപ്രശസ്ത ഇന്ത്യൻ സംഗീതജ്ഞനും ഹിന്ദുസ്ഥാനി സംഗീത ഇതിഹാസവുമായ പണ്ഡിറ്റ് ജസ്‌രാജ് (90) ഓർമ്മയായി. യു.എസിലെ ന്യൂജഴ്സിയിൽ ഹൃദയസ്‌തംഭനത്തെ തുടർന്ന് ഇന്ത്യൻ സമയം ഇന്നലെ ഉച്ചകഴിഞ്ഞ് 2.45നായിരുന്നു അന്ത്യം. പ്രശസ്ത ഹിന്ദി സിനിമാ സംവിധായകനായിരുന്ന വി.ശാന്താറാമിന്റെ മകൾ മാധുരയാണ് ഭാര്യ. അന്ത്യനിമിഷങ്ങളിൽ അവർ അടുത്തുണ്ടായിരുന്നു. ഭൗതിക ശരീരം ഇന്ത്യയിലേക്ക് കൊണ്ടുവന്നേക്കും.
ഹിന്ദുസ്ഥാനി സംഗീതജ്ഞയും നർത്തകിയും മിനി സ്ക്രീൻ നടിയും നിർമ്മാതാവുമായ ദുർഗാ ജസ്‌രാജ് മകളും ബോളിവുഡ് സംഗീത സംവിധായകൻ സാരംഗ് ദേവ് പണ്ഡിറ്റ് മകനുമാണ്. സംഗീതജ്ഞരായ പണ്ഡിറ്റ് മണിറാം, പണ്ഡിറ്റ് പ്രതാപ് നാരായൺ, നടിയും ഗായികയുമായ സുലക്‌ഷണ പണ്ഡിറ്റ്, നടി വിജേതാ പണ്ഡിറ്റ് എന്നിവർ സഹോദരങ്ങളാണ്. പ്രശസ്‌ത സംഗീത ജോഡികളായ ജതിൻ പണ്ഡിറ്റ്, ജിതിൻ പണ്ഡിറ്റ് എന്നിവർ സഹോദര പുത്രൻമാരാണ്.
ഇന്ത്യയിലും വിദേശത്തും വൻശിഷ്യസമ്പത്തും ആരാധകരുമുള്ള അതുല്യ പ്രതിഭയുടെ എട്ട് ദശകം നീണ്ട സംഗീത സപര്യയ്‌ക്കാണ് തിരശ്ശീല വീണത്.
ആ അഭൗമ സംഗീതത്തോടുള്ള ആദരവായി
2019ൽ അന്താരാഷ്‌ട്ര അസ്‌ട്രോണമിക്കൽ യൂണിയൻ 2006ൽ ചൊവ്വ, വ്യാഴം ഗ്രഹങ്ങൾക്കിടയിൽ കണ്ടെത്തിയ ചെറു ഗ്രഹത്തിന് 'പണ്ഡിറ്റ് ജസ്‌രാജ്' എന്ന് പേരിട്ടിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യൻ സംസ്‌കാരിക രംഗത്ത് വലിയ വിടവാണ് സൃഷ്ടിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
1930ൽ ഹരിയാനയിലെ ഹിസാറിൽ ഇടത്തരം ബ്രാഹ‌്‌മണ കുടുംബത്തിൽ ഗായകനായ പണ്ഡിറ്റ് മൊയ്‌ത്‌റാമിന്റെ മകനായാണ് ജനനം. പിതാവും സഹോദരൻ മണിറാമുമായിരുന്നു ഗുരുക്കൻമാർ.
തബലയിലായിരുന്നു കലാവാസന മൊട്ടിട്ടത്. ക്രമേണ ഹിന്ദുസ്ഥാനി സംഗീതത്തിലേക്ക് മാറി. ആദ്യ പാട്ടുകച്ചേരി അരങ്ങേറിയത് 22ാം വയസിൽ നേപ്പാൾ രാജാവ് ത്രിഭുവൻ ബീർ ബിക്രം ഷായുടെ സദസിൽ. രാജാവ് 5000 സ്വർണ നാണയങ്ങളാണ് സംഭാവന നൽകിയത്. പരമ്പരാഗത മേവതി ഘരാനയിൽ ഖയാലുകൾക്കായി രൂപപ്പെടുത്തിയ ലളിതവും ആസ്വാദ്യകരവുമായ തുംമ്രി ശൈലികളും മറ്റുമാണ് ശ്രദ്ധേയനാക്കിയത്.
വേദിയിൽ ഗായകനും ഗായികയും ഒരേസമയം രണ്ടു രാഗങ്ങൾ ആലപിക്കുന്ന ജുഗൽബന്ദി ഇന്ത്യൻ സംഗീതലോകത്തിന് അദ്ദേഹം നൽകിയ സംഭാവനയാണ്. സിനിമകൾക്കായി അർദ്ധ ക്ളാസിക്കൽ പാട്ടുകളും പാടി.
മൊസാർട്ട്, ബിഥോവൻ, തെനോർ ലൂസിയാനോ പാവർ തുടങ്ങിയ പ്രതിഭകൾക്കൊപ്പം വേദി പങ്കിട്ടു. മലയാളിയായ രമേശ് നാരായണനും ഇന്ത്യയിലെ പ്രമുഖ ഗായകരായ സാധനാ സർഗം, അനുരാധ പൗദ്‌വാൾ, കലാ രാംനാഥ്, തൃപ്‌തി മുഖർജി, സുമൻ ഘോഷ് എന്നിവരും ഉൾപ്പെടെ പ്രശസ്തരുടെ വലിയൊരു ശിഷ്യസമ്പത്തുണ്ട്.
ധ്യാനസമാനമായ സംഗീതം
പി. രവികുമാർ
ഹിന്ദുസ്ഥാനി സംഗീതത്തിലെ 'ഗ്വാളിയർ ഘരാന' എന്ന മഹത്തായ പാരമ്പര്യ ശൈലിക്ക് തിളക്കമേകിയ മഹാപ്രതിഭയാണ് പണ്ഡിറ്റ് ജസ്‌രാജ്. അദ്ദേഹത്തിന്റെ 'ഖയാൽ' സംഗീതവഴി സമന്വയത്തിന്റെ പാതയാണ് സ്വീകരിച്ചത്. സ്ഥായിയും അന്തരവും വിസ്തരിക്കുമ്പോൾ ഗ്വാളിയർ ഘരാനയാണ് പിന്തുടരുന്നത്. താനുകളും ബോൽതാനുകളും ജസ്‌രാജ് 'ഗായകി' രീതിയിൽ അവതരിപ്പിക്കുന്നു. സർഗവും സ്വരപ്രസ്താരവും വിസ്തരിക്കുമ്പോൾ മഹാനായ ബഡേ ഗുലാം അലിഖാനെ ഓർമ്മിച്ചുപോകും. ജസ്‌രാജ് ഭക്തിഗീതങ്ങൾ ആലപിക്കുമ്പോൾ അതിൽ ഓംകാർ ഠാക്കൂർ നാഥ് പ്രത്യക്ഷപ്പെടുന്നു.
നാഗദ്ധ്വനി കാനഡ, നട് നാരായൺ, ഖമാസ് ബഹാർ തുടങ്ങിയ രാഗങ്ങളുടെ ആലാപനം ജസ്രാജിന്റെ തനതായ ഒഴുക്കും മാധുര്യവും ആർന്നവയാണ്. ബിഹാഗ്, അഠാണ, ദേശ്, ആഹിർ ഭൈരവ് തുടങ്ങിയ പ്രഭാത രാഗങ്ങളിലൂടെ ജസ്‌രാജ് ആസ്വാദകരെ അവരറിയാതെ നിർമ്മലമായ ധ്യാനസമാനമായ അനുഭൂതിയിലേക്കാണ് നയിക്കുക. ശൃംഗാരപ്രധാനമായ രാഗങ്ങളിലും ജസ്രാജിനെ വെല്ലുന്നവർ വിരളമാണ്. രാധാകൃഷ്ണ പ്രേമത്തെ പറ്റിയുള്ള ഹവേലികൾക്ക് ജീവൻ പകർന്ന് ജനപ്രീതി നേടിക്കൊടുത്തത് ജസ്രാജാണ്. ആദിബസന്തിലുള്ള 'ബാല്‍ ഗോപാല്‍ ഗുലാല്‍ ഹമാരേ...'എന്ന ഹവേലി ജസ്രാജിന് ഏറെ പ്രിയങ്കരമായിരുന്നു. വാക്കുകളുടെ അർത്ഥത്തിനും ധ്വനിക്കും വളരെ പ്രാധാന്യം നൽകിയുള്ള ആലാപനം അദ്ദേഹത്തെ മറ്റ് പലരിൽ നിന്നും വ്യത്യസ്തനാക്കിയിരുന്നു.