ബംഗളൂരു: തന്റെ സ്വന്തം രാജ്യമായ കൈലാസത്തിൽ പുതിയ ബാങ്ക് സ്ഥാപിച്ച് വിവാദ ആൾദൈവം നിത്യാനന്ദ. സമൂഹ മാദ്ധ്യമത്തിലൂടെയാണ് നിത്യാനന്ദ ഇക്കാര്യം അറിയിച്ചത്. കൈലാസത്തിൽ 'റിസർവ് ബാങ്ക് ഓഫ് കൈലാസ' എന്ന പേരിൽ ബാങ്ക് സ്ഥാപിച്ചതായി ഇയാൾ അറിയിച്ചു. ഗണേശ ചതുർഥി ദിനത്തിൽ ബാങ്ക് പുതിയ കറൻസി പുറത്തിറക്കും. ബാങ്കിനെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നും നാണയ വിനിമയം അടക്കം കൈലാസത്തിലെ എല്ലാ സാമ്പത്തിക ഇടപാടുകളും നിയമപരമാണെന്നും നിത്യാനന്ദ വ്യക്തമാക്കി.
പെൺകുട്ടികളെ തടവിൽവച്ച് പീഡിപ്പിച്ച കേസിൽ ഉൾപ്പെട്ടതിന് പിന്നാലെയാണ് നിത്യാനന്ദ ഇന്ത്യയിൽനിന്ന് മുങ്ങുന്നത്. തുടർന്ന് കഴിഞ്ഞവർഷം അവസാനത്തോടെ ഇക്വഡോറിലെ ഒരു ദ്വീപിൽ സ്വന്തം രാജ്യം സ്ഥാപിച്ചതായി നിത്യാനന്ദ അവകാശപ്പെട്ടിരുന്നു.എന്നാൽ നിത്യാനന്ദ തങ്ങളുടെ രാജ്യത്ത് ഇല്ലെന്നായിരുന്നു ഇത് സംബന്ധിച്ച് ഇക്വഡോറിന്റെ പ്രതികരണം. ഇപ്പോൾ ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ ഒരു ദ്വീപാണ് നിത്യാനന്ദ കൈലാസമായി പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.