harold-holt

അഞ്ച് ദശാബ്ദങ്ങൾക്ക് മുമ്പ്, 1967 ഡിസംബർ 17. തന്റെ അവധിക്കാലം ആഘോഷിക്കാൻ ഓസ്ട്രേലിയയുടെ 17ാമത്തെ പ്രധാനമന്ത്രിയായിരുന്ന ഹരോൾഡ് എഡ്വാർഡ് ഹോൾട്ട് വിക്ടോറിയയിലെ ഷെവിയറ്റ് ബീച്ചിൽ എത്തി. ചെറുപ്പം മുതൽ നീന്തൽ ഹരോൾഡിന്റെ ഇഷ്ട വിനോദമാണ്. ഷെവിയറ്റ് ബീച്ചിലിലെത്തിയ ഹരോൾഡ് തന്റെ അംഗരക്ഷകരെ മാറ്റി നിറുത്തി ഒറ്റയ്ക്ക് തിരമാലകളെ കീറിമുറിച്ച് നീന്തി. കടലിൽ നീണ്ടുന്നത് അദ്ദേഹത്തിന് അത്രയ്ക്കും വശമുള്ള കാര്യമായിരുന്നു. എന്നാൽ എന്നത്തെയും പോലെയല്ലായിരുന്നു അന്ന്. നീന്തുന്നതിനിടെ ഹരോൾഡ് എങ്ങനെയോ അപ്രത്യക്ഷനായി. കടൽ പ്രക്ഷുബ്ദമായതായി ദൃക്സാക്ഷികൾ പറഞ്ഞിരുന്നു. നിമിഷങ്ങൾക്കുള്ളിൽ തന്നെ പ്രധാനമന്ത്രിയ്ക്കായി സുരക്ഷാജീവനക്കാർ തിരച്ചിൽ തുടങ്ങി.

പൊലീസ്, റോയൽ ഓസ്ട്രേലിയൻ നേവി ഡൈവേഴ്സ്, ഓസ്ട്രേലിയൻ എയർഫോഴ്സ്, ആർമി ഉദ്യോഗസ്ഥർ, പ്രാദേശിക വോളന്റിയർമാർ അങ്ങനെ വൻ സന്നാഹം തന്നെ അദ്ദേഹത്തെ കണ്ടെത്താനായി ഇറങ്ങിത്തിരിച്ചു. ഓസ്ട്രേലിയയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരച്ചിൽ ഓപ്പറേഷനാണ് ഷെവിയറ്റ് ബീച്ചിൽ അന്ന് നടന്നത്. പക്ഷേ, നിർഭാഗ്യമെന്ന് പറയട്ടെ, ഇവർക്കാർക്കും ഹരോൾഡിനെ കണ്ടെത്താൻ സാധിച്ചില്ല. തിരച്ചിലുകളെല്ലാം വിഫലമായി. ഒടുവിൽ 1967 ഡിസംബർ 19ന് അദ്ദേഹം മുങ്ങി മരിച്ചിരിക്കാമെന്ന് ഓസ്ട്രേലിയ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 1968 ജനുവരി 5നാണ് തിരച്ചിൽ ഔദ്യോഗികമായി അവസാനിപ്പിച്ചത്. കാണാതാകുമ്പോൾ 59ാം വയസായിരുന്നു അദ്ദേഹത്തിന്റെ പ്രായം.

harold-holt

കടലിന്റെ ആഴങ്ങളിൽ എവിടേക്കോ മറഞ്ഞ ഹരോൾഡ് പ്രധാനമന്ത്രി സ്ഥാനത്തെത്തിയിട്ട് വെറും 22 മാസക്കാലം മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളു. 1966 ജനുവരി 26നാണ് ഹരോൾഡ് ഓസ്ട്രേലിയയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. ഓസ്ട്രേലിയൻ പാർലമെന്റിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയായിരുന്നു ഹരോൾഡ്. 24ാം വയസിലാണ് ലിബേർട്ടി പാർട്ടി നേതാവായ ഹരോൾഡ് പാർലമെന്റ് അംഗമായത്. 20ാം നൂറ്റാണ്ടിൽ ജനിച്ച ആദ്യ ഓസ്ട്രേലിയൻ പ്രധാനമന്ത്രിയും ഹരോൾഡാണ്.

അമേരിക്കയുടെ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ തട്ടിക്കൊണ്ടുപോയതാകാം, അദ്ദേഹം ആത്മഹത്യ ചെയ്‌തിരിക്കാം, സ്രാവിന്റെ വായിൽ അകപ്പെട്ടേക്കാം, ചൈനീസ് അന്തർവാഹിനി തട്ടിക്കൊണ്ടു പോയിരിക്കാം, സ്വയം കളിച്ച ഒരു നാടകമാകാം തുടങ്ങിയ നിരവധി കഥകളാണ് ഹരോൾഡിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് കാട്ടുതീ പോലെ പടർന്നത്. കിട്ടാവുന്നതിലധികം ആധുനിക സാങ്കേതിക വിദ്യകൾ തിരച്ചിലിനായി ഉപയോഗിച്ചെങ്കിലും ഹരോൾഡിനെ സംബന്ധിച്ച ഒരു തെളിവും കണ്ടെത്താനായില്ല എന്നത് ഇന്നും ഓസ്ട്രേലിയയുടെ ചരിത്രത്തിലെ ഒരു ഇരുണ്ട അദ്ധ്യായമായി അവശേഷിക്കുന്നു.