prithviraj

പൂര്‍ണ്ണമായും വെര്‍ച്വല്‍ പ്രൊഡക്ഷനില്‍ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ വരുന്നു. മാജിക് ഫ്രെയിംസിന്റേയും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും, സുപ്രിയാ മേനോനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഗോകുല്‍ രാജ് ഭാസ്‌കറാണ്. പൃഥ്വിരാജ് സുകുമാരന്‍ ആണ് പ്രധാന വേഷത്തില്‍ എത്തുന്നത്.

വെര്‍ച്വല്‍ മൂവി കണ്‍സപ്റ്റിലാണ് ചിത്രം. ലോക്ക് ഡൗണ്‍ പോലുള്ള എന്ത് പ്രശ്‌നമാണെങ്കിലും ഒരു സ്റ്റുഡിയോയില്‍ സിനിമ മുഴുവന്‍ ഷൂട്ട് ചെയ്ത് ഡവലപ് ചെയ്യാന്‍ കഴിയും. അന്താരാഷ്ട നിലവാരത്തില്‍ ഒരു ഹോളിവുഡ് സിനിമയോട് കിടപിടിക്കുന്ന രീതിയിലാണ് മേക്കിംഗ്. പുതിയ വെല്ലുവിളികള്‍, രീതികള്‍, ഒരു ഇതിഹാസ കഥ പറയാനുണ്ട്. പുതിയ വിവരങ്ങള്‍ക്കായി കാത്തിരിക്കൂ എന്ന് കുറിച്ചുകൊണ്ടാണ് പൃഥ്വി സിനിമയുടെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ഹോളിവുഡ് മാതൃകകള്‍ പിന്തുടര്‍ന്ന് ഇന്ത്യയില്‍ ആദ്യമായി വരുന്ന വെര്‍ച്വല്‍ പ്രൊഡക്ഷന്‍ ടെക്നോളജി മലയാളത്തില്‍ ആണെന്നതിനാല്‍ തന്നെ സിനിമാപ്രേമികള്‍ ആകാംക്ഷയിലാണ്. ഒരു പുരാണ കഥയെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണെന്നാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന റിവീലിംഗ് പോസ്റ്ററില്‍ നിന്ന് മനസ്സിലാക്കാനാവുന്നത്. പൃഥ്വിരാജിന്റേതായി 2020-2021 വര്‍ഷത്തില്‍ നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്.
ആടുജീവിതം, കടുവ, കറാച്ചി, വാരിയംകുന്നന്‍ തുടങ്ങിയ സിനിമകള്‍ക്ക് പുറമെയാണ് ഇപ്പോള്‍ ഈ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ലൂസിഫറിന്റെ രണ്ടാംഭാഗമായ എമ്പുരാന്‍ ചിത്രീകരണം ആരംഭിക്കുന്നതും 2021-ല്‍ ആണ്.