ന്യൂഡൽഹി: ഇന്ത്യയും നേപ്പാളും തമ്മിലുള്ള ചർച്ച വെർച്വൽ മീറ്റിംഗിലൂടെ നടന്നു. ഉഭയകക്ഷി ബന്ധം, സാമ്പത്തിക - വികസന പ്രൊജക്ടുകൾ എന്നീ വിഷയങ്ങളാണ് പ്രധാനമായും ഇരു രാജ്യങ്ങളും ചർച്ച ചെയ്തത്. നേപ്പാൾ വിദേശകാര്യ സെക്രട്ടറി ശങ്കർ ദാസ് ബൈരാഗിയും നേപ്പാളിലെ ഇന്ത്യൻ അംബാസിഡർ വിനയ് മോഹൻ ക്വാത്രയുമാണ് ചർച്ചയിൽ പങ്കെടുത്തത്. ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേപ്പാൾ പ്രധാനമന്ത്രി കെ.പി.ശർമ ഒലി ടെലിഫോണിൽ സംസാരിച്ചിരുന്നു. കാലാപാനി അതിർത്തി തർക്കത്തെച്ചൊല്ലി ബന്ധം വഷളായശേഷം ഇരുരാജ്യത്തെയും നേതാക്കളുടെ ആദ്യ ഫോൺ സംഭാഷണമായിരുന്നു ഇത്. തൊട്ടുപിന്നാലെ വിദേശകാര്യ മന്ത്രാലയ തലത്തിലുള്ള ചർച്ചകൾക്ക് തുടക്കമിട്ടത് രാജ്യാന്തര തലത്തിൽ തന്നെ ശ്രദ്ധേയമായി.