ചെന്നൈ: രാജ്യാന്തര ക്രിക്കറ്റിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ താനും മുൻ ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോണിയും ഏറെ നേരം കെട്ടിപ്പിടിച്ച് കരഞ്ഞതായി വ്യക്തമാക്കി സുരേഷ് റെയ്ന. റെയ്ന തന്നെയാണ് ഇക്കാര്യം ആരാധകർക്ക് മുന്നിൽ വെളിപ്പെടുത്തിയത്. ഐ.പി.എല്ലിനായി ചെന്നൈയിലെത്തുമ്പോൾ ധോണി വിരമിക്കൽ പ്രഖ്യാപിക്കുമെന്ന് മനസ്സിലാക്കിയിരുന്നുവെന്നും ഇതിനാൽ താനും വിരമിക്കാൻ തയാറെടുത്താണ് ചെന്നൈയിലെത്തിയതെന്നും റെയ്ന പറഞ്ഞു. മിനിറ്റുകളുടെ വ്യത്യാസത്തിലായിരുന്നു ധോണിയും റെയ്നയും ആരാധകരെ ഞെട്ടിച്ചു കൊണ്ട് വിരമിക്കൽ പ്രഖ്യാപിച്ചത്.
ഐ.പി.എൽ മത്സരത്തിൽ പങ്കെടുക്കുവാനായി യു.എ.ഇയിലേക്ക് പോകാൻ തയ്യാറെടുക്കുകയാണ് ഇരുവരും. ഇതിന് മുന്നോടിയായി ചെന്നൈയിൽ സംഘടിപ്പിക്കുന്ന ആറു ദിവസത്തെ പരിശീലക ക്യാമ്പിലാണ് ധോണിയും റെയ്നയും ഇപ്പോൾ.
"ചെന്നൈയിലെത്തുമ്പോൾ ധോണി വിരമിക്കൽ പ്രഖ്യാപിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. അതുകൊണ്ട് വിരമിക്കാൻ തയാറെടുത്തുതന്നെയാണ് ഞാനും ചെന്നൈയിലെത്തിയത്. ഞാനും പിയൂഷ് ചാവ്‌ലയും ദീപക് ചാഹറും കരൺ ശർമയും ചാർട്ടേഡ് വിമാനത്തിൽ 14–ാം തീയതിയാണ് റാഞ്ചിയിലെത്തിയത്. അവിടെ നിന്ന് ധോണിയെയും മോനു സിംഗിനെയും കൂട്ടിയാണ് ചെന്നൈയിലേക്ക് വന്നത്" റെയ്ന പറഞ്ഞു.
"വിരമിക്കൽ പ്രഖ്യാപിച്ചതിനു ശേഷം ഞങ്ങൾ ഏറെനേരെ കെട്ടിപ്പിടിച്ച് കരഞ്ഞു. ഞാനും ധോണിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഞങ്ങളുടെ കരിയറിനെക്കുറിച്ചും ഞങ്ങൾ കുറേനേരം വട്ടംകൂടിയിരുന്ന് സംസാരിച്ചു. കരിയറിലെ രസകരമായ നിമിഷങ്ങൾ ഞങ്ങൾ ഓർത്തെടുത്തു പരസ്പരം പങ്കുവച്ചു. എല്ലാവരും ഇന്നല്ലെങ്കിൽ നാളെ കളമൊഴിഞ്ഞേ തീരൂ. ദീർഘനേരത്തെ സംഭാഷണത്തിനുശേഷം രാത്രി വൈകുവോളം ഞങ്ങൾ പാർട്ടി നടത്തി ആഘോഷിക്കുകയും ചെയ്തു" റെയ്ന പറഞ്ഞു.രാജ്യാന്തര ക്രിക്കറ്റ് വിട്ടു.ഇനി പൂർണ ശ്രദ്ധ ഐ.പി.എല്ലിലായിരിക്കുമെന്നും റെയ്ന പറഞ്ഞു.ഈ വർഷത്തെ ഐ.പി.എൽ കരിയറിൽ നിർണായകമാകുമെന്നും വ്യക്തമാക്കിയ റെയ്ന, രണ്ട് ഐ.പി.എല്‍ സീസണിൽ കൂടി ടീമിൽ തുടരാനാകുമെന്നാണ് വിശ്വാസമെന്നും പറഞ്ഞു.