ന്യൂഡൽഹി: രാജ്യത്ത് ഫേസ്ബുക്കും വാട്സ് ആപ്പും നിയന്ത്രിക്കുന്നത് ബി.ജെ.പിയാണെന്ന കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ ഫേസ്ബുക്ക് രംഗത്തെത്തി. പ്രകോപന പരമായ പോസ്റ്റിട്ട ബി.ജെ.പി നേതാവിനെതിരെ ഫേസ്ബുക്ക് നടപടി സ്വീകരിക്കാത്തതിനെ തുടർന്നായിരുന്നു രാഹുലിന്റെ വിവാദ പരാമർശം. എന്നാൽ തങ്ങൾ ഒരു പാർട്ടിയുടെയും വക്താക്കളല്ലെന്നും നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും പ്രകോപനപരമെന്നതിന് ഫേസ്ബുക്ക് തന്നെ നൽകിയിരിക്കുന്ന നിയമങ്ങൾക്കകത്ത് വരുന്ന പോസ്റ്റുകൾ കക്ഷി രാഷ്ട്രീയ ദേദമെന്യേ നീക്കം ചെയ്യാറുണ്ടെന്നും അതുകൊണ്ടു തന്നെ രാഹുൽ ഗാന്ധിയുടെ വാദത്തിന് പ്രസക്തിയില്ലെന്നും ഫേസ്ബുക്ക് വക്താവ് പറയുന്നു. രാഹുലിന്റെ പ്രസ്താവന മുൻനിറുത്തി വാൾസ്ട്രീറ്റ് ജേർണലും ഒരു ലേഖനം പുറത്തിറക്കിയിരുന്നു. ഇതിനും കൂടിയുള്ള മറുപടിയായാണ് വക്താവ് പ്രസ്താവന പുറത്തിറക്കിയത്. രാഹുലിനെതിരെ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.