ന്യൂഡൽഹി: കോൺഗ്രസിനെതിരെ തുറന്നടിച്ച് ബി.ജെ.പി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. രാജസ്ഥാനിലെ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പെെലറ്റിന്റെ പാർട്ടിക്കെതിരെയുളള തുറന്ന കലാപത്തിന് കാരണമായ രാഷ്‌ട്രീയ പ്രതിസന്ധിയെ ചൊല്ലിയാണ് സിന്ധ്യ കോൺഗ്രസിനെ കടന്നാക്രമിച്ചത്. കഴിവുളള നേതാക്കൾ കോൺഗ്രസിൽ ചോദ്യം ചെയ്യപ്പെടുന്നുവെന്നും ഇതാണ് കോൺഗ്രസിലെ വേദനാജനകമായ കാര്യമെന്നും സിന്ധ്യ പറഞ്ഞു."സച്ചിൻ പെെലറ്റ് എന്റെ സുഹൃത്തായിരുന്നു. അദ്ദേഹം അനുഭവിച്ച വേദനയെ കുറിച്ച് എല്ലാവർക്കും അറിയാം.അശോക് ഗെലോട്ട് സർക്കാരിനെ അട്ടിമറിയ്ക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണത്തിനും അത് സംബന്ധിച്ച് തനിക്കെതിരെ നോട്ടീസ് ലഭിച്ചതിലും സച്ചിൻ അസ്വസ്ഥനാണ്."സിന്ധ്യ പറഞ്ഞു.
ചില യോഗങ്ങളിൽ പങ്കെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സച്ചിനെ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തു നിന്നും ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കിയത്.ബി.ജെ.പിയുമായി ചേർന്ന് കുതിരക്കച്ചവടത്തിലൂടെ രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിയ്ക്കാനാണ് സച്ചിൻ ശ്രമിക്കുന്നതെന്ന് അശോക് ഗെലോട്ട് നേരത്തെ ആരോപിച്ചിരുന്നു. രാജസ്ഥാനിൽ രാഷ്‌ട്രീയ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ കോൺഗ്രസിന്റെ ദേശീയ നേതൃത്വം വിഷയത്തിൽ നേരിട്ട് ഇടപെടുകയും സച്ചിന്റെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉറപ്പ് നൽകുകയുമായിരുന്നു. സംസ്ഥാനത്തിന്റെ ജനറൽ സെക്രട്ടറി അവിനാശ് പാണ്ഡെയെ നീക്കം ചെയ്യണമെന്ന പൈലറ്റിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. പ്രശ്ന പരിഹാരത്തിനായി അജയ് മകെൻ, അഹമ്മദ് പട്ടേൽ, കെ.സി.വേണുഗോപാൽ എന്നിവരടങ്ങിയ ഒരു സമിതിയും പാർട്ടി രൂപീകരിച്ചിട്ടുണ്ട്.