മഞ്ചേരി: സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി. മലപ്പുറം, എറണാകുളം ജില്ലയിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. മലപ്പുറം തെയ്യാല സ്വദേശി ഗണേശൻ (48) ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. എറണാകുളത്ത് കോതമംഗലം താണിക്കുന്നേല്‍ ടി വി മത്തായിയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 67 വയസായിരുന്നു. കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. ഇദ്ദേഹത്തിന് ഹൃദ്രോഗം, രക്തസമ്മര്‍ദം, വൃക്കരോഗം, പ്രമേഹം തുടങ്ങിയ അസുഖങ്ങള്‍ ഉണ്ടായിരുന്നു.
ഇതോടെ സംസ്ഥാനത്തെ ആകെ മരണം 171 ആയി. ഇന്നലെ മാത്രം 13 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്തുണ്ടായത്. മലപ്പുറം ജില്ലയിൽ ഇന്നലെ 306 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 285 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
സംസ്ഥാനത്ത് 1725 പേർക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഇതിൽ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 1572 പേർക്കാണ്. ഇവരിൽ രോഗ ഉറവിടം വ്യക്തമല്ലാത്തത് 94 പേരുടേതാണ്. രോഗവ്യാപനം രൂക്ഷമായ തലസ്ഥാനത്തും മലപ്പുറത്തും സ്ഥിതി ഗുരുതരമായി തുടരുകയാണ്.