കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചുമത്തിയ കേസില്‍ സ്വപ്ന സുരേഷ് നല്‍കിയ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കേസ്. കള്ളക്കടത്തിന് പിന്നിലെ ഹവാല ,ബിനാമി ഇടപാടുകളും കള്ളപ്പണം വെളുപ്പിക്കലുമാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. എന്നാല്‍ ഇതിൽ തനിക്ക് ബന്ധമില്ലെന്നാണ് സ്വപ്നയുടെ വാദം.
അതേസമയം നയതന്ത്രചാനൽ വഴി സ്വപ്‌ന, സരിത്ത്, സന്ദീപ് എന്നിവർ നേരിട്ട് സ്വർണം കടത്തിയെന്ന് സംശയിക്കുന്നതായി എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് വെളിപ്പെടുത്തി. 2019 ആഗസ്‌റ്റിൽ മൂവരും യു.എ.ഇയിൽ വച്ച് കേസിലെ മറ്റൊരു പ്രതിയായ ഫൈസൽ ഫരീദമായി കൂടിക്കാഴ്ച നടത്തി.
ഈ സമയം നയതന്ത്രചാനൽ വഴി അയയ്‌ക്കേണ്ട സ്വർണം നിറച്ച ബാഗുകൾ ഫൈസലിന് കൈമാറി. എന്നാൽ അക്കൂട്ടത്തിൽ ഒരുബാഗ് മാത്രം ഫൈസലിന് നൽകിയില്ല. ഈ ബാഗ് പ്രതികൾ നേരിട്ട് നയതന്ത്രചാനൽ വഴി കടത്തിയെന്നാണ് സംശയിക്കുന്നത്. ഇതിനെക്കുറിച്ചാണ് ഇപ്പോൾ എൻഫോഴ്സ്‌മെന്റിന്റെ അന്വേഷണം.