ന്യൂഡൽഹി: ബി ജെ പി നേതാക്കളുടെ വിദ്വേഷ പ്രചാരണത്തിനെതിരെ ഫേസ്ബുക്ക് നടപടിയെടുക്കാന്‍ തയ്യാറാകുന്നില്ലെന്ന വെളിപ്പെടുത്തലിൽ രാഷ്ട്രീയപോര് മുറുകുന്നു. വിവാദത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ഐ ടിയുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി കമ്മിറ്റി ചെയര്‍മാന്‍ ശശി തരൂര്‍ പറഞ്ഞു. ഫേസ്ബുക്ക് അധികൃതരെ വിളിപ്പിക്കുമെന്ന് ഡല്‍ഹി നിയസഭ കമ്മിറ്റിയും തീരുമാനിച്ചിട്ടുണ്ട്.
വിദ്വേഷ പ്രചാരണം നടത്തുകയും അത് ഫേസ്ബുക്കിന്റെ മാനദണ്ഡങ്ങള്‍ പ്രകാരം വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യേണ്ടതാണെന്ന് തെളിയുകയും ചെയ്തതിന് ശേഷം ബി ജെ പി നേതാവ് രാജാ സിംഗിനെതിരെ നടപടിയെടുക്കാന്‍ ഫേസ്ബുക്ക് വിസമ്മതിക്കുകയായിരുന്നുവെന്നാണ് വാള്‍സട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തത്. മറ്റ് രണ്ട് ബി ജെ പി നേതാക്കളും വിദ്വേഷ പ്രചാരണം നടത്തുകയും കമ്പനി നടപടിയെടുക്കാന്‍ വിസമ്മതിക്കുകയും ചെയ്തുവെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടർന്നാണ് വിവാദങ്ങൾക്ക് വഴിവച്ചത്.
ഫേസ്ബുക്കിന്റെ ഇന്ത്യൻ മേധാവിയില്‍നിന്ന് വിശദീകരണം തേടണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ബി ജെ പി നേതാക്കള്‍ക്കെതിരെ നിലപാടെടുത്താല്‍ അത് ഫേസ്ബുക്കിന്റെ ഇന്ത്യയിലെ ബിസിനസ് താല്‍പര്യങ്ങളെ ബാധിക്കുമെന്നാണ് ഇന്ത്യയിലെ കമ്പനിയുടെ സീനിയര്‍ പ്രതിനിധി അങ്കി ദാസ് പറഞ്ഞത്.
അതേസമയം രാജ്യത്ത് ഫേസ്ബുക്കും വാട്സാപ്പും നിയന്ത്രിക്കുന്നത് ബി.ജെ.പിയാണെന്ന കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ ഫേസ്ബുക്കും രംഗത്തെത്തിയിരുന്നു. പ്രകോപന പരമായ പോസ്റ്റിട്ട ബി.ജെ.പി നേതാവിനെതിരെ ഫേസ്ബുക്ക് നടപടി സ്വീകരിക്കാത്തതിനെ തുടർന്നായിരുന്നു രാഹുലിന്റെ വിവാദ പരാമർശം.
എന്നാൽ തങ്ങൾ ഒരു പാർട്ടിയുടെയും വക്താക്കളല്ലെന്നും നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും, പ്രകോപനപരമെന്നതിന് ഫേസ്ബുക്ക് തന്നെ നൽകിയിരിക്കുന്ന നിയമങ്ങൾക്കകത്ത് വരുന്ന പോസ്റ്റുകൾ കക്ഷി രാഷ്ട്രീയ ദേദമെന്യേ നീക്കം ചെയ്യാറുണ്ടെന്നും അതുകൊണ്ടു തന്നെ രാഹുൽ ഗാന്ധിയുടെ വാദത്തിന് പ്രസക്തിയില്ലെന്നും ഫേസ്ബുക്ക് വക്താവ് പറയുന്നു.