sivasankar

തിരുവനന്തപുരം: പ്രളയദുരന്തത്തിൽപ്പെട്ടവരുൾപ്പെടെയുള്ള ഭവനരഹിതരെ പുനരധിവസിപ്പിക്കുന്നതിന് വേണ്ടി നടപ്പാക്കുന്ന ലൈഫ് പദ്ധതി സംബന്ധിച്ച് യു.എ.ഇ സർക്കാരിന്റെ സന്നദ്ധ സംഘടനയായ റെഡ് ക്രസന്റും ലൈഫ് മിഷനും ഒപ്പുവച്ച ധാരണാപത്രവും മുഴുവൻ രേഖകളും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ആവശ്യപ്പെട്ടതോടെ സർക്കാർ കൂടുതൽ പ്രതിരോധത്തിലായി. രേഖകൾ നൽകണമെന്ന് ചൂണ്ടിക്കാട്ടി ലൈഫ് മിഷൻ സി.ഇ.ഒ യു.വി. ജോസിന് എൻഫോഴ്സ്‌മെന്റ് നോട്ടീസ് നൽകിയിട്ടുണ്ട്. രേഖകൾ നൽകാതിരുന്നാൽ സർക്കാരിന് കനത്ത തിരിച്ചടിയുണ്ടാകും. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വർണക്കടത്ത് കേസിലെ രണ്ടാംപ്രതി സ്വപ്‌ന സുരേഷിന് ഒരുകോടി രൂപ കമ്മിഷൻ നൽകിയതായി പദ്ധതിയുടെ കരാറെടുത്ത യൂണിടാക് കമ്പനി ഉടമ എൻ.ഐ.എയോട് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

കരാർ സംബന്ധിച്ച വിശദാംശങ്ങൾ, ഇടനിലക്കാർ ആരൊക്കെ, കരാർ തുക തുടങ്ങിയവ സംബന്ധിച്ചുള്ള അന്വേഷണമാണ് എൻഫോഴ്സ‌്മെന്റ് നടത്തുന്നത്. മാനദണ്ഡങ്ങൾ പാലിക്കാതെയാണോ കരാറിൽ ഏർപ്പെട്ടതെന്ന സംശയം ഇ.‌ഡിക്കുണ്ട്. അതിനാലാണ് രേഖകൾ എല്ലാം ഇ.ഡി ആവശ്യപ്പെട്ടത്. ഇവ പരിശോധിക്കുന്നതോടെ ലൈഫ് മിഷൻ പദ്ധതി സംബന്ധിച്ച ഇടപാടിന്റെ ചുരുളഴിയുമെന്നാണ് കരുതുന്നത്. ഇതോടൊപ്പം വിദേശസഹായം സ്വീകരിക്കുമെന്നതിന് മുമ്പ് കേന്ദ്രസർക്കാരിന്റെ അനുമതി വേണമെന്ന നിബന്ധന പാലിക്കപ്പെട്ടോയെന്നും ഇ.ഡി അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ വർ‌ഷം ജൂലായിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ വച്ചാണ് റെഡ്ക്രസന്റുമായി ലൈഫ് മിഷൻ സി.ഇ.ഒ യു.വി.ജോസ് ധാരണാപത്രം ഒപ്പിട്ടത്. ചീഫ് സെക്രട്ടറിയായിരുന്ന ടോം ജോസും എം.ശിവശങ്കറും കോൺസുലേറ്റ് പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തിരുന്നു.

അതേസമയം, റെഡ് ക്രസന്റുമായുള്ള ഇടപാടുകൾ എല്ലാം സംബന്ധിച്ച് എം. ശിവശങ്കറിന് വ്യക്തമായ അറിവുണ്ടായിരുന്നോ എന്ന വിവരങ്ങൾ വൈകാതെ പുറത്തുവരുമെന്നാണ് കരുതുന്നത്. റെഡ് ക്രസന്റിൽ നിന്ന് സംഭാവന സ്വീകരിക്കുന്നതിന് ശിവശങ്കർ അനാവശ്യ തിടുക്കം കാണിച്ചിരുന്നതായി അന്ന് ചീഫ് സെക്രട്ടറിയായിരുന്ന ടോം ജോസ് സൂചന നൽകിയിരുന്നു എന്ന വിവരം പുറത്തുവന്നിട്ടുണ്ട്. പദ്ധതിയിൽ റെഡ് ക്രസന്റിന് താത്പര്യമുണ്ടെന്ന കത്ത് ധാരണാപത്രം ഒപ്പിടുന്നതിന്റെ തലേദിവസം മാത്രമാണ് ശിവശങ്കർ ലൈഫ് മിഷന് കൈമാറിയത്. 2019 ജൂലായ് 10ന് ശിവശങ്കറിന്റെ കുറിപ്പ് സഹിതമുള്ള ഫയൽ തദ്ദേശഭരണ അഡിഷണൽ ചീഫ് സെക്രട്ടറിക്ക് മുന്നിലാണ് ആദ്യമെത്തിയത്. ധാരണാപത്രത്തിന്റെ കരടും ഒപ്പമുണ്ടായിരുന്നു. എത്രയും വേഗം നിയമവകുപ്പിന്റെ പരിശോധന പൂർത്തിയാക്കി ഫയൽ മടക്കണമെന്നായിരുന്നു അതിൽ ശിവശങ്കറിന്റെ കുറിപ്പ്. എന്നാൽ,​ കരാറിൽ ഏർപ്പെടുന്നതിന് മുമ്പ് നയപരമായ തീരുമാനം വേണമെന്ന് നിയമവകുപ്പ് ഫയലിൽ എഴുതിയിരുന്നു.

ലോക്കറിൽ വേറെയും നിക്ഷേപം

സ്വപ്‌നയും ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റും ചേർന്ന് ആരംഭിച്ച ലോക്കറിൽ കൂടുതൽ പണവും സ്വർണവും നിക്ഷേപിച്ചതായും അന്വേഷണ സംഘത്തിന് വിവരം കിട്ടിയിട്ടുണ്ട്. കോഴപ്പണം ഒളിപ്പിക്കാൻ ചാർട്ടേഡ് അക്കൗണ്ടന്റുമായി ചേർന്ന് സ്വപ്ന ജോയിന്റ് അക്കൗണ്ടിൽ ബാങ്ക് ലോക്കറെടുത്തത് ശിവശങ്കറിന്റെ നിർദ്ദേശ പ്രകാരമെന്ന് ഇ.ഡി ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. ലോക്കറിലുണ്ടായിരുന്നത് അറ്റാഷെയുടെ അറിവോടെ നടത്തിയ റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ പ്രതിഫലമാണെന്നായിരുന്നു സ്വപ്നയുടെ ആദ്യ മൊഴി. പിന്നീടാണ് ലൈഫ് മിഷനിലെ വീട് നിർമ്മാണത്തിന്റെ കമ്മിഷനെന്ന് മാറ്റിപ്പറഞ്ഞത്. ലോക്കറിലുണ്ടായിരുന്ന ആഭരണങ്ങൾ തന്റെ വിവാഹത്തിന് വീട്ടുകാ‌ർ നൽകിയതാണെന്നും സ്വപ്ന മൊഴി നൽകിയിരുന്നു. വിവാഹ ചിത്രത്തിലുള്ള ആഭരണങ്ങളാണോ ലോക്കറിലുള്ളതെന്ന് അന്വേഷണസംഘം പരിശോധിക്കും.