ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഭരണകക്ഷിയായ ബി ജെ പി എം എൽ എയ്ക്കെതിരെ പീഡന പരാതിയുമായി അയൽവാസിയായ യുവതി. ദ്വാരഹാത് മണ്ഡലത്തിലെ എം എൽ എ മഹേഷ് സിംഗ് നേഗിക്കെതിരെയാണ് പരാതി. 2016 മുതൽ 2018 വരെ മസൂറി, നൈനിറ്റാൾ, ഡൽഹി, ഹിമാചൽപ്രദേശ്, നേപ്പാൾ തുടങ്ങിയിടങ്ങളിലെ സുഖവാസ കേന്ദ്രങ്ങളിൽ വച്ച് ലൈംഗികമായി ഉപയോഗിച്ചു എന്നാണ് യുവതി പരാതിയിൽ പറയുന്നത്.
അയൽവാസിയാണെന്ന പരിചയം മുതലെടുത്താണ് പീഡിപ്പിച്ചതെന്നും യുവതി ആരോപിക്കുന്നുണ്ട്. ഗർഭിണിയായപ്പോൾ വിവരം എം എൽ എയെ അറിയിച്ചു. പൂർണ സംരക്ഷണം ഉറപ്പുനൽകിയ അദ്ദേഹം പരിശോധനയ്ക്ക് ആശുപത്രിയിൽ ഒപ്പം പോവുകയും ചെയ്തു. ഇക്കഴിഞ്ഞ മേയ് മാസത്തിലായിരുന്നു പ്രസവം. ഡി എൻ എ പരിശോധനയിൽ കുഞ്ഞിന്റെ അച്ഛൻ എം എൽ എയാണെന്ന് വ്യക്തമായെന്നും വിവരം പുറത്തുപറയാതിരിക്കാൻ അദ്ദേഹത്തിന്റെ ഭാര്യ 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നും യുവതി പറയുന്നു.
ഭർത്താവിനെ ബ്ളാക്ക്മെയിൽ ചെയ്യുകയാണെന്ന് ഭീഷണിപ്പെടുത്തി എം എൽ എയുടെ ഭാര്യ പൊലീസിൽ പരാതി നൽകിയതോടെയാണ് യുവതിയും പരാതി നൽകിയത്. സംഭവത്തെക്കുറിച്ച് എം എൽ എയും പാർട്ടിയും ഇതുവരെ പ്രതികരിച്ചിട്ടില്ല. അതിനിടെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.