റാഞ്ചി: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ശനിയാഴ്‌ച വിരമിച്ച ഇന്ത്യയുടെ ഇതിഹാസ താരം എം.എസ് ധോണിക്ക് ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റൊയുടെ ആദരം. അദ്ദേഹത്തിന്റെ ജന്മനാടായ ജാർഖണ്ഡിലെ റാഞ്ചിയിലെ താമസക്കാർക്ക് പ്രത്യേക കിഴിവാണ് ഇന്നലെ ഒരു ദിവസത്തേക്ക് സൊമാറ്റൊ ഏർപ്പെടുത്തിയത്. ഏത് ഭക്ഷണം ഓർഡർ ചെയ്‌താലും പരമാവധി 183 രൂപവരെ കിഴിവായിരുന്നു ക്യാപ്റ്റൻ കൂളിനുള്ള സോമാറ്റോയുടെ ആദരം.
A gift for the city that gifted India a legend! pic.twitter.com/O2r9E7Z7TL
— Zomato (@ZomatoIN) August 16, 2020
“ഇന്ത്യയ്ക്ക് ഒരു ഇതിഹാസത്തെ സമ്മാനിച്ച നഗരത്തിനുള്ള സമ്മാനം!” എന്നായിരുന്നു ഡിസ്കൗണ്ട് ഓഫർ വെളിപ്പെടുത്തിയ ട്വീറ്റിൽ സൊമാറ്റൊ കുറിച്ചത്. ഓഫർ ഞായറാഴ്ച കാലഹരണപ്പെടുമ്പോൾ, 100 ശതമാനം കിഴിവ് രാജ്യവ്യാപകമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട ഒരു ട്വിറ്റർ ഉപയോക്താവിനോടുള്ള സൊമാറ്റോയുടെ പ്രതികരണം ഇപ്പോഴും ആളുകളെ ചിരിപ്പിക്കുകയാണ്.
"അദ്ദേഹം റാഞ്ചിയിൽ നിന്നായിരിക്കാം വന്നത്, പക്ഷേ ഇന്ത്യ മുഴുവനും ഇതിഹാസത്തെ സ്നേഹിക്കുന്നു. ഇന്ത്യ മുഴുവൻ എന്തുകൊണ്ട് ഈ ഓഫർ ലഭ്യമാക്കികൂടാ?" എന്നായിരുന്നു ട്വിറ്റർ ഉപയോക്താവ് സൊമാറ്റോയോട് ചോദിച്ചത്. ഈ ചോദ്യത്തിന്റെ ഉത്തരമാണ് ആളുകളെ ചിരിപ്പിച്ചത്. "സഹോദരാ, എനിക്ക് അത്രയധികം പണമില്ല" എന്നായിരുന്നു സൊമാറ്റോയുടെ പ്രതികരണം.
— Zomato (@ZomatoIN) August 16, 2020
സൊമാറ്റൊയുടെ പ്രതികരണത്തിന് ഒട്ടനവധി ലൈക്കുകളും കമന്റുകളുമാണ് ഇതിനോടകം ലഭിച്ചത്. സൊമാറ്റോയിൽ നിന്നുള്ള ഇതിഹാസ മറുപടിയെന്നായിരുന്നു ഒരു ട്വിറ്റർ ഉപയോക്താവിന്റെ പ്രതികരണം. ചിലർ സോമാറ്റോയുടെ സോഷ്യൽ മീഡിയ ടീമിനെ അഭിനന്ദിച്ചും രംഗത്തെത്തി. ഭക്ഷണം ഓർഡർ ചെയ്തതിനു ശേഷം അത് ട്രാക്ക് ചെയ്യാനുള്ള വിൻഡോയിൽ ഡെലിവറി ബോയ്സിന്റെ ഐക്കൺ ഏഴാം നമ്പർ ഗൗൺ ആക്കിയും സൊമാറ്റൊ അദ്ദേഹത്തേോടുള്ള ആദരവ് പ്രകടിപ്പിച്ചു. തന്റെ ക്രിക്കറ്റ് കരിയറിൽ ഏഴാം നമ്പർ ജഴ്സിയാണ് ധോണി അണിഞ്ഞിരുന്നത്.