gold

തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് വർഷത്തിനിടെ യു.എ.ഇയിൽ നിന്ന് തിരുവനന്തപുരത്തെ കോൺസുലേറ്റിലേക്ക് വന്ന പാഴ്‌സലുകൾക്കൊന്നും നികുതി ഇളവ് അനുവദിച്ചിട്ടില്ലെന്ന് സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർ കസ്‌റ്റംസിന് മറുപടി നൽകി. ഇക്കാര്യം വ്യക്തമാക്കുന്ന കത്ത് കസ്റ്റംസിനും കേസ് അന്വേഷിക്കുന്ന എൻ.ഐ.എയ്ക്കും ഓഫീസർ കൈമാറി. കോൺസുലേറ്റ് നൽകിയ ഒപ്പിന്റെ പകർപ്പും മുമ്പ് നൽകിയ കത്തുകളും ഇതോടൊപ്പം കൈമാറിയിട്ടുണ്ട്.

പ്രോട്ടോക്കോൾ ഓഫീസറുടെ സർട്ടിഫിക്കറ്റിനായി യു.എ.ഇ കോൺസുലേറ്റോ മറ്റാരെങ്കിലുമോ 2019-21 കാലയളവിൽ സമീപിച്ചിട്ടില്ലെന്നും പ്രോട്ടോക്കോൾ ഓഫിസറുടെ മറുപടിയിൽ പറയുന്നു. യു.എ.ഇയിൽ നിന്ന് മതഗ്രന്ഥങ്ങൾ പാഴ്സലായി അയച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് അന്വേഷണസംഘം ഈ വിവരങ്ങൾ തേടിയത്. നേരത്തെ സെക്രട്ടേറിയറ്റിലെ സി.സി ടി.വി ദൃശ്യങ്ങൾ പൊതുഭരണ വകുപ്പിനോട് എൻ.ഐ.എ സംഘം ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നൽകിയിട്ടില്ല.